• Lisha Mary

  • March 17 , 2020

തൃശ്ശൂർ : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നിര്‍ത്തിയെന്നും ക്ഷേത്രം അടച്ചിട്ടെന്നുമുള്ള വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ ചടങ്ങുകളില്‍ ഭക്തര്‍ കൂട്ടമായി വരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഭക്തര്‍ കൂട്ടമായി വരുന്നത് ഒഴിവാക്കി ദര്‍ശനം നടത്താം. ഉച്ചപൂജ കഴിഞ്ഞു 1.30ക്ക് നട അടയ്ക്കുന്നത് ഇപ്പോള്‍ ഒന്നിന് അടക്കും. പതിവ് പോലെ വൈകീട്ട് 4.30 ന് തുറക്കുകയും ചെയ്യും. കൃഷ്ണനാട്ടം കളിയുള്ള ദിവസങ്ങളില്‍ അവ നടക്കുന്നതുമാണ്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം മാര്‍ച്ച് 31 വരെ അടച്ച സാഹചര്യത്തില്‍ പരിപാടികള്‍ ബുക്ക് ചെയ്തവര്‍ക്ക് 31ന് ശേഷം പുതിയ തീയതി നല്‍കുകയോ റീഫണ്ട് നല്‍കുകയോ ചെയ്യും. കൊറോണ ഭീതിയെ തുടര്‍ന്ന് നിലനില്‍ക്കുന്ന സാഹചര്യം മാറിയാല്‍ 31ന് ഇപ്പോള്‍ നിര്‍ത്തിവെച്ച ശേഷം പ്രഭാതഭക്ഷണമുള്‍പ്പെടെയുള്ള പ്രസാദ ഊട്ട് പുനരാരംഭിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.