• admin

  • February 12 , 2020

പനമരം : സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. വെറ്റിനറി ഡോക്ടര്‍ ,അറ്റന്‍ഡര്‍ , ഡ്രൈവര്‍, മരുന്ന്, ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തില്‍ ലഭ്യമാണ്. നിശ്ചിത ദിവസങ്ങളില്‍ ബ്ലോക്ക് പരിധിയിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലും സഞ്ചരിച്ച് മൃഗാശുപത്രിയുടെ സേവനം ലഭ്യമാക്കും. ചാണകം, മൂത്രം, പാല്‍, രക്തം എന്നിവ പരിശോധിക്കാനുളള സംവിധാനവുമുണ്ട്. ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കും. പശുക്കള്‍ക്ക് ബീജദാനം നല്‍കാനും സൗകര്യമുണ്ട്. പനമരം ബ്ലോക്ക് ഡിവിഷനു കീഴിലുള്ള പുല്‍പ്പള്ളി, പൂതാടി, പനമരം, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 7000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 10 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി ചെലവിടുന്നത്. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് .ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.