• admin

  • February 26 , 2020

ഇടുക്കി: : ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കഫ് കോര്‍ണറുകള്‍ക്ക് തുടക്കമായി. വായുജന്യ രോഗങ്ങള്‍ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമൊരിടം എന്നതാണ് ‘കഫ് കോര്‍ണര്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ഷയം, കൊറോണ, നിപ്പ, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ വായുജന്യ രോഗങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണം, മറ്റ് അനുബന്ധ സേവനങ്ങള്‍  എന്നിവ ‘വായുജന്യ രോഗ ബോധവല്‍ക്കരണ കേന്ദ്രങ്ങളിലൂടെ’ (കഫ് കോര്‍ണറുകളിലൂടെ) ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായ പരിശോധനയില്‍ വായുജന്യ രോഗങ്ങളുമായെത്തുന്ന എല്ലാ രോഗികളെയും ഉള്‍പ്പെടുത്തും. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി ഒ.പി.യില്‍ വരുന്ന ചുമയുള്ള രോഗികള്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ വായുജന്യ രോഗങ്ങള്‍ തടയുന്നതിനും സ്‌കൂളുകള്‍ മുഖേന കുട്ടികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനു തൂവാല വിപ്ലവം പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. തൊടുപുഴ പുറപ്പുഴ സി.എച്ച്.സി യില്‍ നടന്ന ‘കഫ് കോര്‍ണര്‍’ പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു.