• Lisha Mary

  • March 10 , 2020

കൊല്ലം : ജില്ലയില്‍ കൊറോണ സംബന്ധിച്ച് പരിഭ്രമിക്കേണ്ടതായ സാഹചര്യമില്ലെന്നും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെയും വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തടയുകയോ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുകയാ ചെയ്യുന്നവര്‍ക്കെതിരെയും ദുരന്തനിവാരണ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാതല ദുരന്തനിവാരണ അവലോകനയോഗത്തില്‍ ജില്ലയിലെ കോവിഡ് 19 സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു കലക്ടര്‍. വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷന്‍, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് ആരോഗ്യ ശുചിത്വ പരിപാടികളും ബോധവത്കരണ പരിപാടികളും നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും സമൂഹത്തിന്റെ ആരോഗ്യം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും മറയ്ക്കണം. സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. രോഗലക്ഷണമില്ലാത്തവര്‍ക്ക് തൂവാല ഉപയോഗിച്ച് വായുജന്യ രോഗപ്രതിരോധം സാധ്യമാണ്. സാധാരണ ഗതിയില്‍ മാസ്‌ക്കുകള്‍ ആവശ്യമില്ല. രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്കാവശ്യമായ മാസ്‌കുകള്‍ ലഭ്യമാക്കുമെന്നും വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ രോഗലക്ഷണം സ്ഥിരീകരിച്ചവര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡില്‍ 36 കിടക്കകളും ജില്ലാ ആശുപത്രിയിലും കൊട്ടാരക്കര താലൂക്കാശുപത്രിലും 30 വീതം കിടക്കകളും പുനലൂര്‍ താലൂക്കാശുപത്രി, എന്‍ എസ് ആശുപത്രി, അസീസിയ മെഡിക്കല്‍ കോളജ്, മെഡിസിറ്റി എന്നിവിടങ്ങളില്‍ 25 കിടക്കകള്‍ വീതവും സജ്ജമാക്കുന്നതിന് തീരുമാനിച്ചു. കൂടാതെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലം എസ് ഐ എം എസ്, ജെ എസ് എം, എം ടി എം, റോയല്‍ ചാത്തന്നൂര്‍, വലിയത്ത് തുടങ്ങിയ സ്വകാര്യ ആശുപത്രികള്‍ കൊറോണ നിയന്ത്രണ സെല്ലുകളായി മാറ്റി പ്രവര്‍ത്തനമാരംഭിക്കും. ദേശീയ ആരോഗ്യ ദൗത്യം വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എം എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. എന്‍ എച്ച് എം നിയമന ലിസ്റ്റിലുള്ള 50 താത്കാലിക സ്റ്റാഫ് നഴ്‌സുമാരുടെ സേവനവും ഇതാടൊപ്പം ലഭ്യമാക്കും. എമര്‍ജന്‍സി കണ്‍ട്രോള്‍ ഓഫീസ് സിവില്‍ സ്റ്റേഷനിലും പുനലൂര്‍ താലൂക്കിലുമായി സജ്ജീകരിച്ചിട്ടുണ്ട്. 16 ഹെല്‍ത്ത് ബ്ലോക്കുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ സേന സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം താലൂക്കാശുപത്രികള്‍, ജില്ലാ കണ്‍ട്രോള്‍ റൂം, പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവടങ്ങളില്‍ 24 മണിക്കൂര്‍ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ രണ്ട് 108 ആംബുലന്‍സ് സേവനം പൂര്‍ണ സമയം കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. സാമ്പിള്‍ ശേഖരണത്തിന്റെ മേല്‍നോട്ടത്തിനായി രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍, ജില്ലാ ആശുപത്രി, ടി ബി സെന്റര്‍, റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സ്ഥിരം എല്‍ ഇ ഡി വാള്‍ ഡിസ്‌പ്ലെ സ്ഥാപിച്ച് ബോധവത്കരണ സന്ദേശങ്ങളും പ്രദര്‍ശനങ്ങളും നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി. പുതിയകാവ് പൊങ്കാല സ്ഥലത്ത് ആരോഗ്യ സന്ദേശങ്ങള്‍ പതിച്ച തൊപ്പികള്‍, വിശറികള്‍ എന്നിവ നല്‍കും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങള്‍ വഴി ലഘു നോട്ടീസുകള്‍ വിതരണം ചെയ്യും. എല്‍ ഇ ഡി വാള്‍ ഡിസ്‌പ്ലേ ഉപയോഗിച്ച് വാഹനപ്രചരണ ബോധവത്കരണവും നടത്തും. വിവാഹ ചടങ്ങുകള്‍, രോഗീ സന്ദര്‍ശനങ്ങള്‍, പൊതു ആരാധനകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്നതില്‍ സ്വമേധയാ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന വിദേശികളും യാത്രികരും 28 ദിവസത്തെ കര്‍ശനമായ ഗൃഹനിരീക്ഷണത്തിന് സമാനമായി മുറിയില്‍ത്തന്നെ തുടരേണ്ടതാണ്. വിദേശികള്‍ എത്തുമ്പോള്‍ത്തന്നെ പാസ്‌പോര്‍ട് ശേഖരിക്കേണ്ടതും യാത്രാ പ്ലാന്‍ വിശദമായി അന്വേഷിച്ച് ചെക്ക് ലിസ്റ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കണം. ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 48 പേരും ആശുപത്രിയില്‍ ഒന്‍പത് പേരും ഉണ്ട്. 82 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 17 എണ്ണത്തിന്റെ ഫലം വരാനുണ്ട്. പരിശോധിച്ചതില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ സന്ധ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി 8589015556, 04742797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കാം.