• Lisha Mary

  • March 17 , 2020

ന്യൂഡല്‍ഹി : രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് 19 രാജ്യത്തെ ബാധിച്ചതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അടുത്ത ആറുമാസം ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരിക എന്നും ഇതിന്റെ യാതനകള്‍ അനുഭവിക്കേണ്ടി വരിക ജനങ്ങളാണെന്നും രാഹുല്‍ പറയുന്നു. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവര്‍ക്കില്ല. കോറൊണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോവിഡ് 19-നെ പ്രതിരോധിക്കാന്‍ മാത്രമല്ല, വരാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാനും ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്. ഞാനത് വീണ്ടും വീണ്ടും പറയുകയാണ്. ഇക്കാര്യം പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്, പക്ഷേ അടുത്ത ആറുമാസത്തില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കൊടിയ യാതനകളിലൂടെയാണ് ജനങ്ങള്‍ കടന്നുപോകേണ്ടി വരിക. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിക്കുന്നുണ്ട്.