• admin

  • March 2 , 2020

കോട്ടയം :

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ ജനങ്ങള്‍ക്ക് തൃപ്തികരമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍  നിര്‍ദേശിച്ചു. കോരുത്തോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു സന്ദര്‍ശനം കൊണ്ടുതന്നെ ജനങ്ങളുടെ ആവശ്യം സാധിച്ചുകിട്ടുന്നു എന്ന് ജീവനക്കാര്‍ ഉറപ്പാക്കണം. പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നല്‍കിയ 50 സെന്റ് സ്ഥലത്തിന്റെ പ്രമാണം ആരോഗ്യവകുപ്പിന് മന്ത്രി കൈമാറി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സോനു ചന്ദ്രന്‍ രേഖ ഏറ്റുവാങ്ങി.
പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടമായ ഇളംകാട് സ്വദേശി ഗംഗാധരനും കോരുത്തോട് സ്വദേശി ജോസഫ് തോമസിനും ഭൂമിയുടെ അവകാശരേഖയും വീടിന്റെ താക്കോലും മന്ത്രി നല്‍കി. പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.