• admin

  • February 3 , 2020

തിരുവനന്തപുരം :

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കൊറോണ വൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കല്‍ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുലമായ ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം.

ജീവനക്കാര്‍, സന്ദര്‍ശകര്‍, രോഗികള്‍ തുടങ്ങി ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ഇതുസംബന്ധിച്ച പരിശീലനം, മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിപ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കണം.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, കണ്‍സള്‍ട്ടിംഗ് സെന്ററുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ലോകാരോഗ്യ സംഘടന പട്ടികപ്രകാരം കൊറോണ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടേയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കി അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.

രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ചുള്ള ചികിത്സയും ഐസൊലേഷനും ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ കൊറോണ രോഗബാധിതര്‍ക്കു ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കുറവ് വരുത്താതെ ശ്രദ്ധിക്കണം. രോഗം പകരുന്നത് തടയാനുള്ള സാധന സാമഗ്രികള്‍ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ വാങ്ങിനല്‍കണം.

  ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ദൈനംദിന ജീവിത സഹായം ലഭ്യമാക്കണം. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാല്‍ അതിനുള്ള ക്രമീകരണം ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറില്‍ അനുമതി നല്‍കിയിട്ടുണ്ട്.