• admin

  • February 2 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് അടക്കം ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഇ-വിസ നല്‍കുന്നതാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ചൈനയില്‍ സ്ഥിരതാമസമാക്കിയ വിദേശപൗരന്മാര്‍ക്കും ഇ- വിസ നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത സാഹചര്യം ഉള്ളവര്‍, ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയെയോ, ഷാങ്ഹായി, ഗ്വാങ്സ്വോ എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെയോ, ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്ററുകളെയോ സമീപിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ചൈനക്കാര്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള വിസകള്‍ റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ ബാധിച്ച് 300 ലേറെ പേരാണ് ഇതുവരെ മരിച്ചത്. 15,000 ഓളം പേരാണ് വൈറസ് ബാധ സ്ഥിരീകരിച്ച് ചൈനയില്‍ ചികില്‍സയിലുള്ളത്. കൊറോണ ബാധിച്ച് ഫിലിപ്പീന്‍സിലും ഒരാള്‍ മരിച്ചു. ചൈനയ്ക്ക് പുറത്ത് ആദ്യ മരണമാണിത്. അമേരിക്ക, ബ്രിട്ടന്‍ അടക്കം 25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.