തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. രോഗം സംശയിച്ച് ഐസൊലേറ്റ് ചെയ്യപ്പെട്ട നാലു പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രോഗി നിലവില്‍ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. മന്ത്രി രാത്രി 10 മണിയോടെ തൃശൂരിലെത്തും. വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നത് മന്ത്രിയെത്തിയ ശേഷമായിരിക്കുമെന്നാണ് പ്രാഥമിക വിവരം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല. ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് രോഗം തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു. ആര്‍എംഒ ക്വാര്‍ട്ടേഴ്സിലാണ് 4 മുറികള്‍ തയാറാക്കിയിട്ടുള്ളത്. വാര്‍ഡിന്റെ നോഡല്‍ ഓഫിസറായി മെഡിസിന് വിഭാഗത്തിലെ ഡോ. ജൂബി ജോണിനെ നിയമിച്ചു. വേണ്ടി വന്നാല്‍ മറ്റു ജീവനക്കാരോട് തയാറാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.ആര്.വി. രാംലാല്‍ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി