• admin

  • February 4 , 2020

ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ 20,400 പേര്‍ക്ക് വൈറസ് ബാധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനക്ക് പുറത്ത് 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ പത്തെണ്ണവും ഹോങ്കോങ് അടച്ചു. അതിനിടെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടര്‍ത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തില്‍ വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തിട്ടുണ്ട്. കൊറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ തന്നെ ആദ്യം കിട്ടാന്‍ ഗൂഗിളുമായി ധാരണയായി. വിവിധ സാമൂഹിക മാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.