• Lisha Mary

  • March 10 , 2020

പത്തനംതിട്ട : ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ യുവാവിനെ തിരികെ എത്തിച്ചു. റാന്നിയിലെ സ്വന്തം വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവാവിനെ തിരികെ പ്രവേശിപ്പിച്ചു. ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. വെച്ചുച്ചിറ സ്വദേശിയായ യുവാവാണ് ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവാവിന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്ക് രക്തം എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് യുവാവിനെ കാണാതാവുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ശൗചാലയത്തിലടക്കം പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ഇയാളുടെ പേരു വിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് യുവാവിനെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.