• Lisha Mary

  • March 9 , 2020

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്നുകള്‍ നല്‍കരുതെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് നിര്‍ദേശിച്ചു. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലും റാന്നി മേഖലയിലും അഞ്ചു രൂപാ വിലയുള്ള മാസ്‌ക് 50 മുതല്‍ 100 രൂപ വരെ ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ മാസ്‌ക് വില്‍ക്കുന്ന കടയുടമകളുടെ ലൈസന്‍സ് ഉള്‍പ്പടെ റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതിനിടെ കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, പോളിടെക്നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.