• Lisha Mary

  • March 10 , 2020

: തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കി. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോളജുകളില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്, ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികള്‍ റദ്ദാക്കും. ഉത്സവങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും. കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം മുഴുവന്‍ വ്യാപകമാക്കാനാണ് തീരുമാനം. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും.