• Lisha Mary

  • March 16 , 2020

: കൊറോണ രോഗബാധ നേരിടാന്‍ സാര്‍ക് രാജ്യങ്ങള്‍ അടിയന്തര നിധി (എമര്‍ജന്‍സി ഫണ്ട് ) സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയില്‍ ഒരു കോടി ഡോളര്‍ (ഏതാണ്ട് 74 കോടി രൂപ) ഇന്ത്യ വാഗ്ദാനം ചെയ്തു. സാര്‍ക് രാജ്യത്തലവന്മാരുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്. അടിയന്തരഘട്ടത്തില്‍ കൊറോണയെ നേരിടാന്‍ അംഗരാജ്യങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കാമെന്നും മോദി പറഞ്ഞു. നിര്‍ദേശത്തെ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മോദി മുന്‍കൈയെടുത്താണ് കൊറോണ വിഷയം ചര്‍ച്ചചെയ്യാന്‍ സാര്‍ക് രാജ്യത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ്, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഗനി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടയ് ഷെറിങ് എന്നിവരും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യ ഉപദേശകന്‍ ഡോ. സഫര്‍ മിര്‍സയുമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ലോകം നേരിടുന്ന വെല്ലുവിളിയെ കൂട്ടായി നേരിടേണ്ട സമയമാണെന്ന് ചര്‍ച്ചയ്ക്കു തുടക്കമിട്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതിനായി സാര്‍ക് രാജ്യങ്ങളുടെ സംഭാവനകളെ അടിസ്ഥാനമാക്കി അടിയന്തര നിധി തയ്യാറാക്കണം. ഏതു രാജ്യത്തിനും അടിയന്തരഘട്ടത്തില്‍ ഈ നിധിയില്‍നിന്ന് പണമെടുക്കാന്‍ കഴിയണം. ആരോഗ്യവിദഗ്ധരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി ഒരു തീവ്ര പ്രതികരണസംഘത്തിന് ഇന്ത്യ രൂപം കൊടുത്തിട്ടുണ്ട്. മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തിന് അടിയന്തരസഹായം ആവശ്യമായാല്‍ ഈ സംഘത്തെ അയക്കും -പ്രധാനമന്ത്രി അറിയിച്ചു.