• admin

  • February 21 , 2020

കൊച്ചി :

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) വിഭാഗവുമായി ലയിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിച്ചത്. ലയനത്തിന് അനുകൂലമായി ജോണി നെല്ലൂരും എതിര്‍ത്ത് അനൂപ് ജേക്കബും നിലപാടെടുത്തു. ഇരുപക്ഷവും വെവ്വേറെ സംസ്ഥാന സമിതി വിളിച്ചുകൂട്ടി.

ജോസഫുമായി ലഭിക്കാന്‍ ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചതോടെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് യാഥാര്‍ഥ്യമായത്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നു ജോണി നെല്ലൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നു ചേര്‍ന്ന നേതൃയോഗം ലയനത്തിന് അംഗീകാരം നല്‍കി. 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താന്‍ തീരുമാനമായി. 

ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു. സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. നിയമനടപടികളുണ്ടായാല്‍ അതിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം.

അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തത്. ഇരു വിഭാഗവും എതിര്‍വിഭാഗത്തിന്റേത് വിമതനീക്കമാണെന്നാണ് അവകാശപ്പെടുന്നത്.