• admin

  • January 15 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഐഐഐടിഎംകെ എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി ഉയര്‍ത്തുന്നത്. ആഗോളരംഗത്തോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യാഭ്യാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത്. ഐടി മേഖലയിലെ നൂതന കോഴ്സുകള്‍ ഏകോപിപ്പിക്കുകയാണ് ഡിജിറ്റല്‍ സര്‍വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്. ബിരുദാനന്തര കോഴ്സുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് അടക്കം ഐടി രംഗത്തെ എല്ലാതരം കോഴ്സുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ പദ്ധതി. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് കേരള എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുന്നത്. ഇവിടെ നിലവില്‍ അഞ്ച് എംഎസ് സി കോഴ്സുകളും, പിഎച്ച്ഡി, എംഫില്‍ കോഴ്സുകളും നടക്കുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങളും കോഴ്സുകളും ഏര്‍പ്പെടുത്തി സര്‍വകലാശാലയായി ഉയര്‍ത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഓര്‍ഡിനന്‍സ് ഇറങ്ങിയാലുടന്‍ നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യും.