• admin

  • January 16 , 2020

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പരീക്ഷ എഴുതുകയാണെങ്കില്‍ അവരെ അയോഗ്യരാക്കണമെന്ന് പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പ്. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് പോകുന്നത് സെക്രട്ടേറിയറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയുടെ നടപടി. ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയോ ലീവ് റദ്ദു ചെയ്ത് ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 22നാണ് കെഎഎസ് പ്രാഥമിക പരീക്ഷ. സെക്രട്ടേറിയറ്റിലെ അന്‍പതിലധികം അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നു കുറിപ്പില്‍ പറയുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചിട്ടുണ്ട്. ഈ മാസം 31ന് നിയമസഭ തുടങ്ങുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ഇതു താളം തെറ്റിക്കും. സര്‍വീസില്‍ ഇരിക്കെ, നിലവിലെ ജോലിക്കു വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ അവധിയെടുത്ത് മറ്റൊരു ജോലിക്കു ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധത ഇല്ലായ്മയാണ് കാണിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ഒഴിവുകളില്‍ പിഎസ്സിക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. പൊതുജനത്തിനു നല്‍കേണ്ട സേവനം മറന്ന് സ്വന്തം കരിയര്‍ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുല്‍സാഹപ്പെടുത്തണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ആകെ 4,01,379 പേരാണ് കെഎഎസ് പരീക്ഷ എഴുതുന്നത്. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക. ഒബ്ജക്ടീവ് രീതിയില്‍ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. സമയം 90 മിനിറ്റ് വീതം. പ്രാഥമിക പരീക്ഷ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയുണ്ട്. വിവരണാത്മക രീതിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖംകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.