• admin

  • February 16 , 2020

ചവറ :

കെഎംഎംഎല്ലിന്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകി 50 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാന്റ്‌ പൂർത്തിയാകുന്നു. മാർച്ചോടെ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള പുതിയ പ്ലാന്റിൽ ഓക്സിജൻ ഉൽപ്പാദനം ആരംഭിക്കാനാകും. ഏപ്രിലോടെ ഈ ഓക്സിജൻ ഉപയോഗിച്ച്‌ ടൈറ്റാനിയം പിഗ്മന്റ് നിർമാണവും തുടങ്ങാം.  കാലപ്പഴക്കത്താൽ ഉൽപ്പാദനശേഷി കുറഞ്ഞ ഓക്സിജൻ പ്ലാന്റാണ്‌ ഇപ്പോഴുള്ളത്‌.  കമ്പനിയുടെ ദൈനംദിന ആവശ്യത്തിന്‌ ഇത്‌ അപര്യാപതമായതോടെയാണ്‌ പുതിയത്‌ സ്ഥാപിക്കുന്നത്‌.  

ആധുനിക പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ഓക്സിജൻ ഉൽപ്പാദനത്തിൽ കെഎംഎംഎൽ സ്വയം പര്യാപ്തത കൈവരിക്കും. പ്ലാന്റിന്റെ ഭാഗമായ കൺട്രോൾ റൂം, എയർ കംപ്രസർ, കോൾ കോൾഡ് ബോക്സ്, വായു ശുദ്ധീകരണ സംവിധാനങ്ങൾ, പൈപ്പ് ലൈനുകളുടേയും കേബിൾ സംവിധാനങ്ങളുടേയും നിർമാണം എന്നിവ പൂർത്തിയായി. കംപ്രസറുകളുടെ മോട്ടോർ പ്രവർത്തിപ്പിച്ച്‌ പരിശോധിച്ചിരുന്നു. 

പ്രതിദിനം 63 ടൺ ഓക്‌സിജൻ കമ്പനിയുടെ പ്രവർത്തനത്തിന്‌ വേണം. പഴയ പ്ലാന്റിൽ 50 ടൺ ഉൽപ്പാദനശേഷിയുണ്ടെങ്കിലും കാലപ്പഴക്കത്താൽ 35 ടൺ മാത്രമാണ് ലഭിക്കുന്നത്. കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നായി 26 ടണ്ണോളം വാങ്ങുന്നുണ്ട്‌. ഊർജക്ഷമത കൂടിയ പുതിയ പ്ലാന്റിന്റെ ഉൽപ്പാദനശേഷി 70 ടണ്ണാണ്. ദ്രവീകൃത നൈട്രജനും ഓക്സിജനും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നതിനാൽ ആവശ്യത്തിലധികമുള്ളവ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്താനാകും. 20 ശതമാനത്തോളം ഓക്സിജൻ സർക്കാർ ആശുപത്രികളുടെ ഉപയോഗത്തിന് നൽകാൻ കഴിയുമെന്ന് കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ് പറഞ്ഞു. പുതിയ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങുന്നതോടെ ഓക്സിജൻ വിലകൊടുത്ത്‌ വാങ്ങുന്നത് ഒഴിവാക്കാം.