• Lisha Mary

  • April 13 , 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ 56 ഇന്ത്യക്കാരടക്കം 66 പേര്‍ക്ക് കൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1300 അയി. രോഗം ഇന്ത്യക്കാരുടെ എണ്ണം 735. രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. 50 വയസ്സുള്ള സ്വദേശിയാണ് ഇന്നു മരിച്ചത്. കഴിഞ്ഞ ആഴ്ച ഗുജറാത്ത് സ്വദേശി വിനയകുമാര്‍ മരിച്ചിരുന്നു. ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 150 പേര്‍ രോഗമുക്തരായി. 1148 പേര്‍ ചികിത്സയിലും 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. കൊറോണ ബാധിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍, ജലീബ്, മഹ്ബൂല ദേശങ്ങളാണ് കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങള്‍. ഈ മേഖലകളില്‍ ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റ മൂന്നു ക്വാറന്റൈന്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ജലീബില്‍ ഒരുങ്ങി. അതേസമയം, ഇന്ത്യയില്‍ നിന്നെത്തിയ 15 പേരടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തിലെത്തിയത് ഡിഫെന്‍സ് ടു ഡിഫെന്‍സ് കോര്‍ഡിനേഷന്റെ ഭാഗമായിട്ടാണ്. ഇന്ത്യ-കുവൈത്ത് പ്രധാനമന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റ ഭാഗമായി ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചു വരുന്ന ആരോഗ്യ സാങ്കേതിക വൈദഗ്ദ്യം പരസ്പരം കൈമാറ്റം ചെയ്യുന്നതിനും കുവൈത്തിലെ പ്രത്യേക ആരോഗ്യ സംഘത്തിന് പരിശീലനം നല്‍കുകയുമാണ് ദൗത്യം. ഇന്ത്യക്കാരെ ചികിത്സിക്കാനെന്ന വാര്‍ത്ത നിഷേധിക്കുന്നതായി ഇന്ത്യന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു.