തൃശൂര്‍ : കുതിരാനിലൂടെ 2000 മെഗാവാട്ട് വൈദ്യുതി ലൈന്‍ (എച്ച് വി ഡി സി) കടന്നുപോകുന്നതിനു വേണ്ടി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഊര്‍ജവകുപ്പ് സെക്രട്ടറി ബി അശോകും ജില്ലാ കളക്ടര്‍ എസ് ഷാനവാസും പവര്‍ ഗ്രിഡ് മേധാവിയും സ്ഥലപരിശോധന നടത്തി. കുതിരാന്‍ കയറ്റത്തിന്റെ ഭാഗത്താണ് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തിയത്. തുടര്‍ന്ന് തുരങ്കവും സന്ദര്‍ശിച്ചു. കുതിരാനില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം തുരങ്കത്തിലൂടെ തുറന്നുവിടാനുള്ള സാധ്യതയും സംഘം പരിശോധിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും ഇവര്‍ അറിയിച്ചു. മലബാര്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം ഹരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും ഭൂഗര്‍ഭ കേബിള്‍ ശൃംഖല കുതിരാനിലൂടെ കടന്നുപോകുന്നത്. 30 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ 15 ദിവസങ്ങള്‍ കൊണ്ടാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുകയെന്നും ബി അശോക് പിന്നീട് രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനു മുന്‍പായി കുതിരാനില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പകല്‍ സമയത്താണ് ഗതാഗത നിയന്ത്രണമുണ്ടാവുക. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് കേബിള്‍ സ്ഥാപിക്കല്‍ പണി നടത്തുക. എന്നാല്‍ രാവിലെ 5 മുതല്‍ വൈകീട്ട് അഞ്ച് വരെ ഗതാഗതം നിയന്ത്രിക്കും. പാലക്കാട് നിന്ന് കുതിരാന്‍ വഴി തൃശൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. എന്നാല്‍ എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് കുതിരാന്‍ വഴി പാലക്കാട്ടേയ്ക്ക് പോകുന്ന എല്‍ പി ജി ടാങ്കറുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, കെ എസ് ആര്‍ ടി സി, പ്രൈവറ്റ് പാസഞ്ചര്‍ ബസുകള്‍ എന്നിവ ഒഴികെയുള്ള ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. നിയന്ത്രണസമയം ഇവയ്ക്ക് കുതിരാന്‍ വഴി പോകാന്‍ സാധിക്കില്ല. ആംബുലന്‍സ്, അടിയന്തര വാഹനങ്ങള്‍ എന്നിവയ്ക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കും. പാസഞ്ചര്‍ കാറുകള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഈ സമയപരിധിയില്‍ കുതിരാന്‍ പാത ഒഴിവാക്കി മണ്ണുത്തി ചേലക്കര റൂട്ടിലൂടെ പാലക്കാട്ടേക്ക് തിരിച്ചുവിടും. എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് പുറപ്പെടുന്ന ട്രെയിലറുകളും മറ്റ് ഭാരവാഹനങ്ങളും ഈ സമയക്രമമനുസരിച്ച് അവയുടെ യാത്ര ക്രമീകരിക്കണം. പാലക്കാട്, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ഊര്‍ജ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ജനുവരി 28, 29 തിയ്യതികളില്‍ പ്രദേശത്ത് മോക്ക് ഡ്രില്‍ നടത്തും. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു തുടങ്ങുമ്പോള്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. മോക്ക് ഡ്രില്‍ സമയത്തും വാഹന നിയന്ത്രണം ഇതേപോലെ നടപ്പാക്കുമെന്നും ഇതിനായി പോലീസ്, നാഷണല്‍ ഹൈവേ അതോറിറ്റി, വാഹന ഗതാഗത വകുപ്പ് തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ദേശീയ പാത അധികൃതര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പാചകവാതക കമ്പനി പ്രതിനിധികള്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സ്ഥല പരിശോധനയിലും രാമനിലയത്തില്‍ നടന്ന ഉന്നത തല യോഗത്തിലും പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി