• admin

  • February 10 , 2020

ആലപ്പുഴ : സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി 'കിറ്റി' യുടെ കൊറോണ ബോധവത്ക്കരണ പരിപാടി.  'കിറ്റി'യെന്ന കുരങ്ങ് പാവയെ ഉപയോഗിച്ചാണ്  ജില്ലയിലെ സ്കൂളുകളിൽ ആരോഗ്യവകുപ്പിലെ നേതൃത്വത്തിൽ വെൻട്രിലൊകിസം  ഷോ നടത്തിയത്. ലിയോ തേര്‍ട്ടീന്ത് എച്.എസ്.എസ്., മോര്‍ണിംഗ് സ്റ്റാര്‍ സ്‌കൂള്‍, ഗവ. ഗേള്‍സ് എച്.എസ്.എസ്. എന്നീ സ്‌കൂളുകളിൽ ബോധവത്ക്കരണം നടന്നു. കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍, കൈകഴുക്കേണ്ട വിധം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതല്‍ തുടങ്ങിയവയെല്ലാം 'കിറ്റി' വിവരിച്ചു നല്‍കി. കൊറോണ സംബന്ധിച്ച് കുട്ടികളുടെ സംശയങ്ങള്‍ക്കും മറുപടി നല്‍കി. മജീഷ്യന്‍ വിനോദ് നരനാടാണ് കിറ്റി ഷോ നടത്തിയത്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാ കുമാരി പദ്ധതി വിശദീകരിച്ചു.  മൂന്ന് സ്‌കൂളുകളിലുമായി അഞ്ഞുറോളം കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. സ്‌കൂളുകളില്‍ നടത്തിയ പരിപാടികള്‍ക്ക് മുന്നോടിയായി ജില്ല കളക്ടറുടെ ക്യാമ്പ് ഹൗസിലെത്തി 'കിറ്റി' ഷോ നടത്തിയിരുന്നു.