• Lisha Mary

  • March 11 , 2020

തിരുവനന്തപുരം : കുട്ടനാട് പാക്കേജില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക, വേമ്പനാട് കായല്‍ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പാക്കേജ് നടപ്പാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. യോഗത്തില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, കെ.കൃഷ്ണന്‍കുട്ടി, ജി. സുധാകരന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, എം.എം. മണി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും ആലപ്പുഴ കലക്ടര്‍ അഞ്ജനയും പങ്കെടുത്തു. ഡച്ച് മാതൃകയിലുള്ള നദിക്കൊരിടം (റൂം ഫോര്‍ റിവര്‍) പാക്കേജിലെ പ്രധാന നിര്‍ദേശമാണ്. ഇതിന്റെ ഭാഗമായി കുട്ടനാട്ടിലും പരിസരത്തുമുളള തോടുകള്‍ അടിയന്തരമായി വൃത്തിയാക്കും. ജനപങ്കാളിത്തത്തോടെ ഈ പരിപാടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിംഗ് ചാനലിന് ആഴവും വീതിയും വര്‍ധിപ്പിക്കുക, പമ്പയില്‍ മൂന്ന് പ്രളയ റഗുലേറ്ററുകള്‍ സ്ഥാപിക്കുക, എ.സി കനാലിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക, കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ക്ക് പുറം ബണ്ട് നിര്‍മിക്കുക, കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക, പുതിയ കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യുക, ആവശ്യമായ വിത്തുകള്‍ കുട്ടനാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുക, സബ്മേഴ്സിബിള്‍ പമ്പുകള്‍ വിതരണം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കാര്‍ഷിക മേഖല സംബന്ധിച്ച് ശുപാര്‍ശ ചെയ്തിട്ടുള്ളത്. തോട്ടപ്പള്ളി സ്പില്‍വേ വീതി കൂട്ടുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ചെന്നൈ ഐ.ഐ.ടിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് താമസിയാതെ കിട്ടും. മൃഗസംരക്ഷണ മേഖലയുടെ ഇടപെടലിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും കന്നുകാലി ഷെഡുകള്‍ ഉയര്‍ന്ന പ്രതലത്തില്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. രണ്ടു പഞ്ചായത്തില്‍ ഇതിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇത് നടപ്പാക്കണം. കുട്ടനാട്ടില്‍ താറാവു കൃഷി ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും നിരണത്തെ താറാവു ഫാം ആധുനികവത്ക്കരിക്കണമെന്നും ശുപാര്‍ശയുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനം വ്യാപിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിട യില്‍ സ്വയംസഹായ സംഘങ്ങള്‍ വ്യാപിപ്പിക്കും. ഹൗസ് ബോട്ടുകളില്‍ നിന്ന് വലിയ തോതില്‍ മാനില്യം കായലിലേക്ക് പുറന്തള്ളുന്ന പ്രശ്നം പരിഹരിക്കുന്നതിന് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാനും പാക്കേജ് നിര്‍ദേശിക്കുന്നു. ഹൗസ് ബോട്ടുകള്‍ മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 290 കോടി രൂപ ചെലവില്‍ നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കാന്‍ ഇതുവഴി കഴിയും. കുട്ടനാട്ടില്‍ വ്യവസായ വകുപ്പിനുകീഴില്‍ സംയോജിത റൈസ് പാര്‍ക്ക് സ്ഥാപിക്കണം. പുതിയ വൈദ്യുതി സബ്സ്റ്റേഷനും നിര്‍ദേശമുണ്ട്. പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കണം. പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമുണ്ടാക്കും.