• admin

  • June 3 , 2020

തിരുവനന്തപുരം : കോവിഡ് 19- കുടുംബശ്രീ സംരംഭങ്ങള്‍ക്കും കൃഷി സംഘങ്ങള്‍ക്കും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തയാര്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിന്റെ മറ്റൊരു ഘട്ടത്തിലൂടെ കടന്ന് പോകുകയാണ് നമ്മളിപ്പോള്‍. കോവിഡ്-19 രോഗബാധ തടയുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ മൂലം പൊതുജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഏറെ വലുതാണ്. കുടുംബശ്രീ അംഗങ്ങളായ വനിതകളും ഇക്കാലയളവില്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് വര്‍ത്തിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നിരവധി ഉപജീവന അവസരങ്ങളാണ് അയല്‍ക്കൂട്ടാംഗങ്ങളായ വനിതകള്‍ക്ക് ഒരുക്കി നല്‍കുന്നത്. ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് കുടുംബശ്രീ പ്രധാനമായും ആശ്രയിക്കുന്നത് സൂക്ഷ്മ സംരംഭങ്ങളെയും സംഘകൃഷിയെയുമാണ്. ലോക്ഡൗണ്‍ കാലയളവ് ഈ രണ്ട് മേഖലയിലുമുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി കഴിഞ്ഞു. 1. 'കോവിഡ് -19 ലോക്ഡൗണ്‍ കാലയളവിലെ സൂക്ഷ്മ സംരംഭങ്ങളുടെ അവസ്ഥ' 23,789 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ളത്. കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ആര്‍ഒ) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജിത് സുകുമാരന്‍, സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്‌വിഇപി) സ്‌റ്റേറ്റ് പ്രോഗ്രാം മാനേജരായ എം.എസ്. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സൂക്ഷ്മ സംരംഭങ്ങളെ 20 വിവിധ മേഖലകളിലായി തിരിച്ച് ആയിരത്തിലേറെ സംരംഭകര്‍ക്കിടയിലാണ് പഠനം നടത്തിയത്. വ്യക്തിഗത- ഗ്രൂപ്പ് സംരംഭങ്ങളുടെ ഭാഗമായ 64,475 വനിതകളുടെ തൊഴിലും വരുമാന മാര്‍ഗ്ഗവും നിലച്ചതായി പഠനത്തില്‍ കണ്ടെത്തി. തയ്യല്‍ യൂണിറ്റുകളും സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റുകളുമൊഴികെയുള്ള സംരംഭങ്ങള്‍ക്കെല്ലം ലോക്ഡൗണ്‍ കാലയളവ് കനത്ത തിരിച്ചടിയേകി. ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയമുണ്ടെങ്കിലും അത് കഴിയുമ്പോള്‍ എന്ത് ചെയ്യുമെന്ന ആശങ്കയുമുണ്ട്. കൂടാതെ കെട്ടിട വാടക, കറന്റ് ചാര്‍ജ്ജ് അടവ് എന്നിവയെല്ലാം സംരംഭകരുടെ വിഷമതയേറ്റുന്നു. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍മാരുടെയും നാനൂറോളം മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെയും സഹായത്തോടെയാണ് ഈ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2. 'ലോക്ഡൗണ്‍ കാലത്ത് കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് നേരിട്ട നഷ്ടവും അഭിമുഖീകരിച്ച പ്രശ്‌നങ്ങളും അവയുടെ അനന്തരഫലങ്ങളും' കുടുംബശ്രീയുടെ കീഴില്‍ 68,388 കൃഷിസംഘങ്ങളിലായി 3,38,202 അയല്‍ക്കൂട്ടാംഗങ്ങള്‍ 50,000 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്. ലോക്ഡൗണ്‍ മൂലം കാര്‍ഷിക മേഖലയിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് കുടുംബശ്രീ അഗ്രികള്‍ച്ചര്‍ വിഭാഗം പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ ഹ്രസ്വ പഠന റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. കൃഷി സംഘങ്ങള്‍ക്ക് 3.67 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് പഠനത്തില്‍ കണ്ടെത്തി. വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 864 ടണ്‍ കാര്‍ഷികോത്പന്നങ്ങള്‍ ലോക്ഡൗണ്‍ മൂലം വിളവെടുക്കാന്‍ കഴിയാതെ പോയി. 2 കോടി രൂപയുടെ നഷ്ടമാണ് ഇതില്‍ നിന്ന് മാത്രമുണ്ടായത്. വിളവെടുത്ത കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെപോയത് വഴിയും തീരെ കുറഞ്ഞ വലയ്ക്ക് വില്‍ക്കേണ്ടി വന്നത് മൂലവും 1.67 കോടി രൂപയുടെ നഷ്ടവും സംഭവിച്ചു. 48,940 കൃഷിസംഘങ്ങളാണ് വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തത്. ദൂരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്തവര്‍ക്ക് ലോക്ഡൗണ്‍ മൂലം കൃഷിയിടങ്ങളില്‍ പോകാനും ജലസേചനവും വളമിടീലും ഉള്‍പ്പെടെ പരിപാലനം നല്‍കുന്നതിനും കഴിയാതെ പോയതും നഷ്ടത്തിന് കാരണമായി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സംഭരണ മാര്‍ഗ്ഗമില്ലാത്തതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും നിര്‍ബന്ധിതരായി. നെല്‍കൃഷി ചെയ്ത ഭൂരിഭാഗം പേര്‍ക്കും നെല്ല് സംഭരണത്തിന് പാടശേഖര സമിതിയുടെയോ സപ്ലൈകോയുടെ സഹായം ലഭിച്ചു. കൃഷി സംഘങ്ങള്‍ ആകെ കൃഷി ചെയ്യുന്ന സ്ഥലത്തില്‍ 75 മുതല്‍ 80 ശതമാനം വരെ സ്ഥലം പാട്ടത്തിനെടുത്തതാണ്. പാട്ടക്കൂലിയും കൃഷിച്ചെലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വായ്പയെടുത്താണ് ഭൂരിഭാഗം കൃഷി സംഘങ്ങളും നിറവേറ്റുന്നത്. ലോക്ഡൗണ്‍ മൂലം ഈ കര്‍ഷക സംഘാംഗങ്ങള്‍ക്ക് വായ്പ മൂലമുള്ള സാമ്പത്തിക ബാധ്യതയും നേരിടേണ്ടി വരും. ചെറുകിട, ഇടത്തരം മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍, അഗ്രി ബിസിനസ് സംരംഭങ്ങള്‍, ബയോ ഫാര്‍മസികള്‍, പ്ലാന്റ് നേഴ്‌സറികള്‍ തുടങ്ങിയ നടത്തുന്ന സംരംഭകര്‍ക്കും നഷ്ടം നേരിട്ടുണ്ട്. അതേക്കുറിച്ചുള്ള പഠനം പിന്നീട് നടത്തി, നഷ്ടം കണക്കാക്കുമെന്ന് കുടുംബശ്രീ മിഷൻ ഡയറക്ടർ അറിയിച്ചു.