• admin

  • March 24 , 2022

മാനന്തവാടി : കാർഷിക മേഖലക്കും ക്ഷീരകർക്കും, ആരോഗ്യ, കുടിവെള്ള മേഖലക്കും ഊന്നൽ നൽകി കൊണ്ട് എടവക ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 509367867 രൂപ വരവും 504328242 രൂപ ചിലവുമുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അവതരിപ്പിച്ചു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, പാടശേഖരങ്ങളുടെ വികസനത്തിനും,53 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കർഷകരുടെഉപ ജീവനമാർഗ്ഗമായ ക്ഷീരമേഖലയെ ഉയർത്തി കൊണ്ട് വരുന്നതിന് 23 ലക്ഷം രൂപയും, എല്ലാവർക്കും ജോലി നൽകുന്നതിന്നായി ആടു ഗ്രാമം ആട് വളർത്തൽ പ്രോത്സാഹനത്തിന് 12 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. വനിതാ വികസനത്തിനും, സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനുമായി 60 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ആയുർവേദ ആസ്പത്രിയിൽ മരുന്ന് വാങ്ങുന്നതിനും വികസനത്തിനുമായി 38 ലക്ഷം രൂപയും, വാളേരി ഹോമിയോ ആസ്പത്രി വികസനത്തിന്നായി 2 ലക്ഷം രൂപയും, കിടപ്പ് രോഗികൾക്ക് സാന്തനം നൽകുന്നതിന്നായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വിദ്യാത്ഥികളുടെ ഉന്നമനത്തിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്കുമായി 26 ലക്ഷം രൂപയും, സമഗ്ര ശിശു വികസന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കോടി അഞ്ച് ലക്ഷം രൂപയും, ഭിന്നശേഷി വിദ്യാത്ഥികൾക്ക് സ്കോളർഷിപ്പ് യാത്ര ബത്ത നൽകുന്നതിന് 16 ലക്ഷം രൂപയും, ചിൽഡ്രൻസ് പാർക്ക് സ്ഥാപിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സമഗ്ര വയോജന വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 7 ലക്ഷം രൂപയും, എടവക സ്മൈൽ പദ്ധതി വഴി വെപ്പ് പല്ല് നൽകുന്നതിനും മറ്റുമായി നാലര ലക്ഷം രൂപയും യുവാക്കളുടെ കായിക ശേഷി വികസനത്തിന് വേണ്ടി 60 ലക്ഷം രൂപയും, ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. പട്ടികവർഗ്പട്ടികവർഗ്ഗ വിഭാഗത്തിൽ പ്രധാനമായും കണ്ടു വരുന്ന ക്യാൻസർ രോഗം മുൻകൂട്ടി കണ്ടു പിടിക്കുന്നതിന് വേണ്ടിയുള്ള രോഗ നിർണ്ണ ക്യാമ്പ് നടത്താൻ ബജറ്റിൽ തുക വകയിരുത്തി. ഉയരും ഞാൻ നാടാകെ എന്ന പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വിദ്യാത്ഥികളുടെ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിനും, ക്ഷീര കർഷകരായ പട്ടികവർഗ്ഗ കുടുംബങ്ങളെ സഹായിക്കുന്നതിനും, കോളനികളിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും, ഗോത്ര ദീപം വായനശാല നവീകരണത്തിനും, പട്ടികവർക്കാരുടെ വീട് പുനരുദ്ധാരണത്തിനുമായി 45 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. അതിദരിദ്രരുടെ ക്ഷേമ പദ്ധതികൾക്കായി 10 ലക്ഷം രൂപയും, പാവപ്പെട്ടവരുടെ ഭവന പുനരുദ്ധാരണ പദ്ധതിക്കായി 10 ലക്ഷം രൂപയും, പ്രവാസി സംരഭകരുടെ വിവോൾവിംഗ് പദ്ധതിക്കായി 2 ലക്ഷം രൂപയും, തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ജവാൻ തലച്ചിറ ജനീഷിൻ്റെ സ്മാരക സ്തൂപം പണിയാൻ 7 ലക്ഷം രൂപയും, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വികസന കാര്യ സ്റ്റാൻ്റിംങ്ങ്കമ്മറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ, സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ്കമ്മറ്റി ചെയർപേഴ്സൺ ജെൻസിബിനോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ്കമ്മറ്റി ചെയർമാൻ ശിഹാബുദ്ധീൻ അയാത്ത്, സിക്രട്ടറി ടി.കെ.ബാലസുബ്രമണ്യൻ എന്നിവർ സംബന്ധിച്ചു.