• Anjana P

  • September 10 , 2022

കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ അക്രമം അഴിച്ചുവിട്ട എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ തലോടലും സംരക്ഷണവും. അക്രമം അറിഞ്ഞു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നിലധികം കള്ളക്കേസുകളാണ് അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചുകൊണ്ട് പിണറായിയുടെ പോലീസ് എടുത്തിട്ടുള്ളത്. ഇവിടെ നരേന്ദ്രമോദിയും പിണറായി വിജയനും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിക്കുന്നത്. കള്ളകേസെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്നത് പിണറായി വിജയന്റെ വെറും വ്യാമോഹമാണെന്ന് ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്‌.ഐ അടിച്ചു തകര്‍ക്കുകയും മഹാത്മഗാന്ധിയുടെ ഛായാചിത്രവും, ഫയലുകളും ഉള്‍പ്പെടെ ഓഫീസിനകത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടും അക്രമത്തിന് നേതൃത്വം കൊടുക്കുകയും, ഒത്താശ ചെയ്യുകയും ചെയ്ത ആളുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗാന്ധി ചിത്രം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ കള്ളകേസെടുത്തു കേസ് അട്ടിമറിക്കുകയാണ് പോലീസ് ചെയ്തത്. ഇതിന് മറപിടിച്ച് ജനകീയനായ എം.എല്‍.എ.യ്‌ക്കെതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിരോധ യാത്ര. നിയോജകമണ്ഡത്തിലെ വൈത്തിരി, കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു ജനകീയ പ്രതിരോധ യാത്ര സംഘടിപ്പിച്ചത്. രണ്ട് ദിവസമായി നടന്ന ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനം വൈത്തിരിയില്‍ നടന്നു. അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍, പി.പി ആലി, മാണി ഫ്രാന്‍സിസ്, ജഷീര്‍ പള്ളിവയല്‍, സുരേഷ് ബാബു, ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ വൈത്തിരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എ.എ വര്‍ഗീസ് അധ്യക്ഷനായിരുന്നു.