• admin

  • March 4 , 2020

ന്യൂഡല്‍ഹി:   :

ഡല്‍ഹി ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടിവച്ച കലാപക്കേസുകള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകള്‍ ദീര്‍ഘകാലത്തേക്കു മാറ്റിവയ്ക്കുന്നതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു.

കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു  പരിഗണനയ്ക്കു വന്നപ്പോള്‍ ഹര്‍ഷ് മന്ദര്‍ നടത്തിയ വിദ്വേഷ പ്രസംത്തിന്റെ വിവരങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്ന് മന്ദറിന്റെ ഹര്‍ജി മാറ്റിവച്ച കോടതി, കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസാണ് ഇരു ഹര്‍ജികളിലും ഹാജരായത്. 

കലാപക്കേസുകള്‍ അടുത്ത മാസത്തേക്കു മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം കേസുകള്‍ ദീര്‍ഘമായി മാറ്റിവക്കുന്നതു നീതീകരണമില്ലാത്തതാണ്. കേസുകള്‍ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഉത്തരവിടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേസുകള്‍ നാലാഴ്ചത്തേക്കു മാറ്റിയതില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കാരണമുണ്ടാവുമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. മൂന്നോ നാലോ വ്യക്തികളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിനു കാരണമെന്നു പറയുന്നത് ബാലിശമെന്നും സോളിസിറ്റര്‍ ജനറള്‍ വാദിച്ചു. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കുന്നതിന് എന്താണ് തടസമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേസ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് ഏപ്രില്‍ 13ലേക്കാണ് ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചിട്ടുള്ളത്.