• admin

  • February 28 , 2022

കല്‍പ്പറ്റ : ജപ്തി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ജില്ലയില്‍ തുടക്കം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ കനറാബാങ്കിന് മുമ്പില്‍ ഉപവാസസമരം നടത്തി. മാര്‍ച്ച് മൂന്നിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 35 ബാങ്കുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിക്കൊണ്ട് രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കമിടും. മാര്‍ച്ച് പത്തിന് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അമ്പതിനായിരം കത്തുകള്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പോസ്റ്റോഫീസിന് മുമ്പില്‍ നടക്കും. മാര്‍ച്ച് 14ന് ജില്ലയിലെ മുഴുവന്‍ പോസ്റ്റോഫീസുകളില്‍ നിന്നും കത്തുകളയക്കും. തുടര്‍ന്ന് മണ്ഡലം തലത്തില്‍ ജപ്തി പ്രതിരോധ സേനകള്‍ രൂപീകരിച്ചുകൊണ്ട് പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കും. പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കല്‍പ്പറ്റ കാനറാബാങ്കിന് മുമ്പില്‍ നടത്തിയ ഉപവാസസമരം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ കര്‍ഷകരെ തെരുവിലിട്ട് അമ്മാനമാടാമെന്ന് പിണറായി വിജയനല്ല, ആയിരം പിണറായി വിജയന്മാര്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2018, 19 വര്‍ഷങ്ങളിലെ പ്രളയം, കോവിഡ്, ലോക്ക്ഡൗണ്‍, വിലത്തകര്‍ച്ച എന്നിങ്ങനെ വലിയ പ്രതിസന്ധിയാണ് കര്‍ഷകരടക്കമുള്ളവര്‍ നേരിട്ടത്. എന്നാല്‍ അതിജീവനത്തിനായി പോരാടുമ്പോള്‍ ആത്മവിശ്വാസം നല്‍കേണ്ടതിന് പകരം അവരെ തെരുവിലേക്ക് തള്ളാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവിടെ നടക്കുന്നത് നിക്ഷേപ സംഭരണ സമാഹരണ യജ്ഞമോ, പലിശ ഒഴിവാക്കുന്നതോ, കടം എഴുതിത്തള്ളുന്ന നടപടികളോ അല്ലെന്നും മറിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതായ ജപ്തിയും, കുടിയൊഴിപ്പക്കല്‍ യജ്ഞവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ നേരിടുന്നത് ചെറിയ വെല്ലുവിളിയില്ല. ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് സര്‍ഫാസി നിയമം പ്രയോഗിച്ചിരിക്കുന്നത്. മൂന്ന് അടവ് മുടങ്ങിയാല്‍ സര്‍ഫാസി നിയമം പ്രയോഗിക്കുകയാണ്. ഈ നിയമപ്രകാരം കാര്‍ഷികഭൂമി പിടിച്ചെടുക്കാനാവില്ല, അതുകൊണ്ട് തന്നെ കര്‍ഷകന്റെ വീടും സ്ഥലവുമാണ് ജപ്തി ചെയ്യുന്നത്. ആയിരക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് ഒരു സാമ്പത്തികപ്രശ്‌നമല്ല, മറിച്ച് സാമൂഹിക പ്രശ്‌നമാണ്. എന്നാല്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നില്‍ക്കുകയാണ്. നിയമസഭയില്‍ ആറ് തവണ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിതീആയോഗിന്റെ കണക്കുകള്‍ പ്രകാരം 1.33 ലക്ഷം കോടികള്‍ മുടക്കി കെ റെയില്‍ ഉണ്ടാക്കുന്നതിന് പകരം 100 മുതല്‍ 500 കോടി വരെയുണ്ടെങ്കില്‍ കര്‍ഷകരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. എന്നാല്‍ അതിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുകയോ, പലിശരഹിത മൊറോട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി, അഡ്വ. എന്‍.കെ. വര്‍ഗീസ്, അഡ്വ. ടി.ജെ. ഐസക്ക്, പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശ്ശരി മാധവന്‍ മാസ്റ്റര്‍, എന്‍.എം. വിജയന്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, എം.ജി. ബിജു, കെ.ഇ. വിനയന്‍, ബിനു തോമസ്, നിസീ അഹമ്മദ്, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, എന്‍.സി. കൃഷ്ണകുമാര്‍, ജി. വിജയമ്മ, പി. ശോഭനകുമാരി, പി.കെ. അബ്ദുറഹിമാന്‍, എടക്കല്‍ മോഹനന്‍, പി.വി. ജോര്‍ജ്, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, നാരായണ വാര്യര്‍, അമല്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.