• admin

  • January 15 , 2020

കാക്കനാട്: : ജില്ലയില്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുമായി നടപ്പാക്കുമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാസമിതി. പാറമടകളും കിണറുകളുടമക്കമുള്ള ജലസ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധീകരിക്കാത്ത ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതു തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി രൂപം നല്‍കിയ കര്‍മപദ്ധതിയുടെ വിലയിരുത്തലിനായി നടത്തിയ സിറ്റിംഗിലാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്. ടാങ്കര്‍ ലോറികള്‍ക്ക് ആവശ്യമായ വെള്ളം നല്‍കുന്നതിന് ആലുവയിലും മരടിലും ഹൈഡ്രന്റുകളുടെ എണ്ണം കൂട്ടും. ഇതിന് ദുരന്തനിവാരണ നിയമപ്രകാരം ഉടനടി ഭരണാനുമതി ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇതിന് ജലവിഭവ വകുപ്പില്‍നിന്നും 80 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുന്നതിന് സമിതി ഇടപെടും. മലിനജലം വിതരണം ചെയ്യുന്നില്ലെന്നുറപ്പാക്കാന്‍ പോലീസ്, ആര്‍.ടി.ഒ, മലിനീകരണനിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയുക്തപരിശോധനകള്‍ നടത്തണം. പോലീസും ആര്‍ടിഒയും പരിശോധന ശക്തമാക്കണം. വാട്ടര്‍ അതോറിറ്റി നല്‍കുന്ന ഗേറ്റ് പാസ് പരിശോധിച്ച ശേഷമേ പോലീസ് ടാങ്കറുകള്‍ കടത്തിവിടാവൂ. വാട്ടര്‍ അതോറിറ്റിയില്‍നിന്നുള്ള കുടിവെള്ളവിതരണം വിപുലപ്പെടുത്താനും കാര്യക്ഷമമാക്കാനും ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടപടിയുണ്ടാകും. കൃത്യവിലോപം കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതിനാവശ്യമായ ശുപാര്‍ശ സമിതി നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ആശുപത്രികള്‍, കപ്പലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാക്രമത്തില്‍ വെള്ളം ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനവുമൊരുക്കും. കുടിവെള്ള വിതരണത്തിന് ടോക്കണ്‍ സിസ്റ്റം ആവിഷ്‌കരിക്കും. ടാങ്കറുകളില്‍ നിശ്ചിത അളവില്‍ കുറഞ്ഞ വെള്ളം വിതരണം ചെയ്യുന്നതായി കണ്ടെത്തിയാല്‍ അര്‍ഹമായ ശിക്ഷ നല്‍കും. അമിതഭാരം കയറ്റിയാല്‍ ആര്‍ടിഒ നടപടിയെടുക്കണം. കുടിവെള്ളം സീല്‍ ചെയ്ത് നല്‍കുന്നതിന് വാട്ടര്‍ അതോറിറ്റി ഉടന്‍ നടപടിയെടുക്കണം. ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും. പരിശോധനയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ആവശ്യമായ പോലീസുകാരെ നിയോഗിക്കാന്‍ പോലീസ് ഓഫീസറെ പ്രത്യേകം ചുമതലപ്പെടുത്തും. പദ്ധതി സമഗ്രമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു വരികയാണ്. പുഴകളിലേക്ക് മാലിന്യപ്പൈപ്പുകള്‍ തുറന്നു വിടുന്നത് പരിശോധിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോടും മലിനീകരണ നിയന്ത്രണബോര്‍ഡിനോടും സമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം ടാങ്കര്‍ ലോറികള്‍ക്ക് ജനുവരി 30നകം നിറം നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാട്ടര്‍ അതോറിറ്റി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് കെ.ബി. ഗണേശ് കുമാര്‍ പറഞ്ഞു. കുടിവെള്ള കണക്ഷന് അപേക്ഷ സമര്‍പ്പിച്ചവരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഉടനടി കണക്ഷന്‍ നല്‍കണം. അല്ലാത്ത അപേക്ഷകരെ അക്കാര്യം ബോധ്യപ്പെടുത്തി അപേക്ഷ നിരസിക്കുകയും വേണം. കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ കണക്ഷന്‍ നല്‍കി ഉടനടി സ്വന്തം നിലയില്‍ അടച്ച് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കണം. കുടിക്കാന്‍ ശുദ്ധമായ ജലം വിതരണം ചെയ്യണമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സമിതി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ഹൈഡ്രന്റുകളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണിവരെ പണം സ്വീകരിക്കണം. ടാങ്കറുകള്‍ക്ക് ജലം ലഭ്യമാക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ജനനന്മയും ആരോഗ്യസംരക്ഷണവും മുന്നില്‍ കണ്ടു നടത്തുന്ന പദ്ധതിയുടെ വിജയത്തിന് ജനപിന്തുണ ആവശ്യമാണെന്ന് സമിതി പറഞ്ഞു. ഹോട്ടലുകള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും സഹകരിക്കണം. ടാങ്കറുകള്‍ ജലമെടുക്കാനെത്തുന്നതു മൂലം ആലുവയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ ഉടനടി ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തണം. കുടിവെള്ളപ്രശ്‌നം പര്‍വ്വതീകരിച്ച് പൊതുജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് മാധ്യമങ്ങളോട് സമിതി അഭ്യര്‍ത്ഥിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ചതായി സമിതി വിലയിരുത്തി. വാട്ടര്‍ അതോറിറ്റിയും ഭക്ഷ്യസുരക്ഷാ വകുപ്പും പദ്ധതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.