അനങ്ങൻമലയിലേതുൾെപ്പടെ ഒറ്റപ്പാലം താലൂക്കിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. 29 കുടുംബങ്ങളെയാണ് ആറ് വില്ലേജുകളിലെ സാധ്യതാ മേഖലകളിൽ നിന്ന് റവന്യൂവകുപ്പ് മാറ്റിപ്പാർപ്പിക്കുന്നത്.
സ്ഥലം വാങ്ങി വീടുവെച്ച് മറ്റൊരിടത്തേക്ക് മാറാനുള്ള ഫണ്ട് വിതരണവും താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ തുടങ്ങി. ജിയോളജി വിഭാഗവും റവന്യൂവും ചേർന്ന് 2019 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിൽ വീണ്ടും ഉരുൾപൊട്ടിയേക്കാമെന്ന് കണ്ടെത്തിയ പ്രദേശത്തുള്ളവരെയാണ് മാറ്റുന്നത്.
അമ്പലപ്പാറ, വാണിയംകുളം, ഷൊർണൂർ, ചെർപ്പുളശ്ശേരി, പൂക്കോട്ടുകാവ്, തൃക്കടീരി തുടങ്ങി ഒറ്റപ്പാലത്തെ ആറ് വില്ലേജുകളിലുള്ളവരെയാണ് മാറ്റാൻ നിർദേശമുള്ളത്. 29 കുടുംബങ്ങളിൽ മൂന്ന് കുടുംബങ്ങൾ താലൂക്ക് ഓഫീസിൽ നിന്ന് 50,000 രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്തു. സ്ഥലംവാങ്ങി ആധാരം രജിസ്റ്റർചെയ്യുന്നതിനായാണ് ഈ പണം അനുവദിച്ചിട്ടുള്ളത്. സ്ഥലം വാങ്ങുന്നതിനായി ആറുലക്ഷം രൂപയും വീടുവെക്കുന്നതിനായി നാലുലക്ഷം രൂപയുമുൾെപ്പടെ 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായമായി ലഭിക്കുക.
പൂക്കോട്ടുകാവിലെ മണ്ണിടിച്ചിലുണ്ടായ വാഴൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ പേരെ മാറ്റേണ്ടതുള്ളത്. വാഴൂർ കയറാട്ടുപറമ്പിലെ 11 കുടുംബങ്ങളാണ് മാറ്റേണ്ടവരുടെ പട്ടികയിലുള്ളത്. രണ്ട് കുടുംബങ്ങളൊഴിച്ച് ബാക്കിയുള്ളവരെല്ലാം മാറാൻ തയ്യാറായതായാണ് റവന്യൂ അധികൃതർ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ജിയോളജി വിഭാഗവും റവന്യൂവിഭാഗവും ചേർന്ന് പരിശോധന നടത്തിയിരുന്നു. പാറകളെ ഉറപ്പിച്ചുനിർത്തുന്ന മൺതിട്ടകൾക്ക് ബലക്ഷയം സംഭവിച്ചതാണ് മണ്ണിടിയുന്നതിന് കാരണമായതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. അനങ്ങൻമലയിലെ വരോട് ചീനിക്കാപ്പറമ്പ്, വടക്കുംമുറി തുടങ്ങിയ സ്ഥലങ്ങളും അമ്പലപ്പാറ മേലൂരും അതീവ ഉരുൾപൊട്ടൽ സാധ്യതാപ്രദേശമായി കണക്കാക്കി ഇവിടെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊന്നും വീടുകളടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും ഇനി അനുവദിക്കില്ല.
20 കുടുംബങ്ങൾ പുതിയ വീടുകളിലേക്ക്
ഒറ്റപ്പാലം താലൂക്കിൽ 2018-ലെ പ്രളയത്തെ തുടർന്ന് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 20 കുടുംബങ്ങൾ പുതിയ താമസസ്ഥലത്തേക്ക് മാറുന്നു. തൃക്കടീരി ചെമ്പരത്തിമാടുകുന്നിലെ 16 കുടുംബങ്ങളും ഒറ്റപ്പാലം വരോടുള്ള നാല് കുടുംബങ്ങളുമാണ് പുതിയ വീടുകളിലേക്ക് മാറുന്നത്. ഇവർക്ക് മൂന്ന് ഘട്ടങ്ങളിലായി 10 ലക്ഷം രൂപവീതം കൈമാറിയതായി തഹസിൽദാർ എസ്. ബിജു അറിയിച്ചു.