• Lisha Mary

  • March 14 , 2020

: സംസ്ഥാനത്ത് പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകളിലെ പരീക്ഷകൾ ഒഴിവാക്കി കുട്ടികൾക്ക് അവധി നൽകിയ പശ്ചാത്തലത്തിൽ 11,274 സ്‌കൂളുകളിലായി എൺപത്തൊന്നായിരം അധ്യാപകർക്ക് ഓൺലൈനായി പ്രത്യേക ഐടി പരിശീലനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള ഹൈടെക് സംവിധാനങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തി അഞ്ചു ദിവസത്തിനകം പൂർത്തിയാകുന്ന വിധത്തിൽ ഓൺലൈനായി അതതു സ്‌കൂളുകളിൽ പരിശീലനം നടത്തും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കൈറ്റ് ആവിഷ്‌കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി അവധിക്കാല പ്രത്യേക പരിശീലനം എല്ലാ പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപകർക്കും നൽകുന്നതിന്റെ ആദ്യഭാഗം മാർച്ച് 18 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ പൂർത്തിയാക്കും. ആവശ്യമായ സഹായക ഫയലുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, റിസോഴ്‌സുകൾ എന്നിവ അധ്യാപകരുടെ സമഗ്ര ലോഗിനിൽ ലഭ്യമാക്കി ഗുണന്മേ ഒട്ടും ചോർന്ന് പോകാതെയും കൃത്യമായ ഓൺലൈൻ അറ്റൻഡൻസുൾപ്പെടെയുള്ള മോണിറ്ററിംഗ് സംവിധാനങ്ങളിലൂടെയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ. അൻവർ സാദത്ത് അറിയിച്ചു. സ്വയം പഠനമെന്ന രീതിയിലോ സംഘപഠനത്തിലൂടെയോ അധ്യാപകർക്ക് പരിശീലനത്തിൽ പങ്കാളിയാകാം. നിശ്ചിത സ്‌കൂളുകൾക്ക് ഒരു മെന്റർ എന്ന നിലയിൽ വീഡിയോ കോൺഫറൻസിംഗ്, സോഷ്യൽ മീഡിയ, ഹെൽപ് ഡെസ്‌ക് എന്നിവ വഴി സംശയനിവാരണത്തിനും മോണിറ്ററിംഗിനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.