• Lisha Mary

  • March 10 , 2020

തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നാരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ആദ്യമായാണ് മൂന്ന് വിഭാഗത്തിലേയും പരീക്ഷകള്‍ രാവിലെ ഒരേ സമയം നടത്തുന്നത്. പരീക്ഷാ നടത്തിപ്പിന് തടസമാവും വിധം വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാലാണ് പരീക്ഷയുമായി മുന്‍പോട്ട് പോവുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാളില്‍ പരീക്ഷ നടത്തും. ഇവര്‍ക്ക് പരീക്ഷാ ഹാളിലേക്ക് എത്താനുള്ള സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പറ്റില്ല. ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എല്ലാ സ്‌കൂളുകള്‍ക്കും കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കും. അതിനിടെ ഒന്‍പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.