• Lisha Mary

  • March 18 , 2020

തൃശൂര്‍ : ടച്ച് സ്‌ക്രീനുകളുടെ ഉപയോഗം കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാവാനിടയുള്ളതിനാല്‍ എ.ടി.എമ്മുകള്‍ അണുവിമുക്തമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എടിഎമ്മില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ഉപഭോക്താക്കളുടെ കൈകള്‍ അണുവിമുക്തമാക്കുന്നതിനും ഉപയോഗശേഷം എ.ടി.എമ്മുകള്‍ അണുവിമുക്തമാക്കുന്നതിനും വേണ്ട സജ്ജീകരണം എല്ലാ എ.ടി.എമ്മുകളിലും ഏര്‍പ്പെടുത്താന്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ബസുകളിലെ ഹാന്‍ഡില്‍ ബാറുകള്‍, സീറ്റുകള്‍ എന്നിവയിലെ സ്പര്‍ശം നിമിത്തം കോവിഡ് 19 രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കൈകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിന് ബസുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബസ് ഓപറേറ്റഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പരീക്ഷ നടക്കുന്ന സമയമായതിനാല്‍ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും പരീക്ഷാര്‍ഥികള്‍ക്ക് കൈകള്‍ കഴുകി അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് 19 രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന പരിശോധന നടത്തുന്നതിനും അവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ഹാള്‍ സജ്ജീകരിക്കുന്നതിനും നടപടി സ്വീകരിക്കണം. പരീക്ഷാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതെ പ്രത്യേകം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കോവിഡ് 19 രോഗബാധ തടയുന്നതിന് കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കൂടാതെ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകള്‍ അണുവിമുക്തമാക്കുന്നതിന് ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.