• admin

  • January 14 , 2020

വയനാട് : വയനാട്: ആദിവാസി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഊര് വികസനം പദ്ധതി നടപ്പാക്കുന്നു. തവിഞ്ഞാല്‍, തിരുനെല്ലി, നൂല്‍പ്പുഴ, മീനങ്ങാടി, പൂതാടി, നെന്മേനി, പനമരം പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുക. ആദിവാസി മേഖലയിലെ ജനസംഖ്യയ്ക്ക് അനുസരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം. അടിസ്ഥാന സൗകര്യ വികസനം, നവീകരണം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതി, സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയാണ് ഊരുതല വികസന പദ്ധതിയിലൂടെ നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍, കുടുംബശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ്, ഊരു മൂപ്പന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഊരില്‍ ചെന്ന് മാപ്പിങ്ങ് നടത്തും. ഊരുതല വികസന പദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്നു.