• admin

  • July 4 , 2020

ന്യൂഡല്‍ഹി : ഗല്‍വാനിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തിന് പിന്നാലെ ചെെനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിലായി ചെെനയ്ക്ക് എതിരെ ജപ്പാനും രംഗത്ത് വന്നു. ഇന്ത്യ- ചെെന നിയന്ത്രണ രേഖയായ എല്‍ എ സിയില്‍ സ്ഥിതിഗതികള്‍ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമത്തെ എതിര്‍ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്‌ട്രങ്ങളുടെ കൂട്ടത്തില്‍ ജപ്പാനും ചേര്‍ന്നത്. അമേരിക്ക ഉള്‍പ്പെടെ ലോകശക്തികള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെ ഇന്ത്യ ചെെന വിഷയത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന പിന്തുണ ഏറിവരികയാണ്. ഇന്ത്യ- ചെെന വിഷയത്തില്‍ ലോക രാഷ്‌ട്രങ്ങളുടെ നിലപാട് ഇങ്ങനെ...! അമേരിക്ക ഇന്ത്യ- ചെെന അതിര്‍ത്തിയിലെ ചെെനീസ് ആക്രമണത്തെ കുറ്റപ്പെടുത്തി ബുധനാഴ്ച വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ധരിച്ച്‌ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനിയാണ് ഈ കാര്യം പറഞ്ഞത്.ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചൈനയുടെ ആക്രമണാത്മക നിലപാട് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചൈന നടത്തിയ ആക്രമണത്തിന് സമാനമാണ്.ചെെനയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്വഭാവം സ്ഥിരീകരിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ചെെനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും യു എസ് അറിയിച്ചു. ഫ്രാന്‍സ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പര്‍ളി ജൂണ്‍ 29ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് എഴുതിയ കത്തില്‍ ഇന്ത്യ-ചൈന വിഷയത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദപരമായ പിന്തുണ അറിയിച്ചിരുന്നു."സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിനും എതിരായ കനത്ത പ്രഹരമാണിത്. ഈ പ്രയാസകരമായ സാഹചര്യത്തില്‍ ഫ്രഞ്ച് സായുധ സേനയ്‌ക്കൊപ്പം എന്റെ പൂര്‍ണപിന്തുണയുണ്ടാകും."പര്‍ളി കത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത അഭ്യാസങ്ങളും പട്രോളിംഗും വ്യാപിപ്പിക്കാന്‍ ഫ്രഞ്ച് നാവികസേന തയ്യാറെടുക്കുന്നതിനിടയിലാണ് ഇന്ത്യ- ചെെന സംഘര്‍ഷമുണ്ടായത്. ജപ്പാന്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ പോരാട്ടത്തില്‍ ജപ്പാന്‍ ഇന്ത്യയെ പിന്തുണച്ചു. എല്‍‌എസിയിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമത്തെ എതിര്‍ക്കുന്നു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല യുമായുള്ള സംഭാഷണത്തെ തുടര്‍ന്നാണ് ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിച്ചത്. ഓസ്ട്രേലിയ നേരത്തെ തന്നെ ഇന്ത്യ-ചൈന വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് ഓസ്ട്രേലിയ സ്വീകരിച്ചു വന്നിട്ടുളളത്. ഓസ്‌ട്രേലിയയുടെ 2020 പ്രതിരോധ നയതന്ത്രപരമായ അപ്‌ഡേറ്റും 2024 ഘടന പദ്ധതിയും ബുധനാഴ്ച ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യ-ചൈന നിലപാട് പരാമര്‍ശിച്ചിരുന്നു. "ഇന്തോ-പസഫിക് മേഖലയിലുടനീളം പ്രദേശിക അവകാശവാദങ്ങളെച്ചൊല്ലിയുള്ള പിരിമുറുക്കം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യയും ചൈനയും, ദക്ഷിണ ചൈനാ കടലും, കിഴക്കന്‍ ചൈനാ കടലും തമ്മിലുള്ള തര്‍ക്കം അതിര്‍ത്തിയില്‍ രൂക്ഷമാവുകയാണ്." ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റിനെ പത്ത് വര്‍ഷത്തെ കാലയളവില്‍ 270 ബില്യണ്‍ ഡോളറായി അവര്‍ ഉയര്‍ത്തി. യു കെ ഹോങ്കോംഗിന്റെ പുതിയ സുരക്ഷാ നിയമത്തെ ചൊല്ലി നേരത്തെ തന്നെ ചൈനയും ബ്രിട്ടനുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് "അക്രമം ആരുടേയും താല്‍പ്പര്യത്തിനല്ല" എന്ന് ഇന്ത്യ-ചൈന വിഷയത്തില്‍ ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കിയത്.ഹോങ്കോംഗ് കരാറിന്റെ വ്യക്തവും ഗുരുതരവുമായ ലംഘനം ചൈന നടത്തിയതായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് ചൈനയുമായുള്ള നിലപാട് സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ ചൈനയെയും ഇന്ത്യയെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.