• admin

  • June 19 , 2021

:

ഇന്ത്യന്‍ അത്്ലറ്റിക്സ് ഇതിഹാസം  ഒളിംപ്യന്‍ മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരുമാസമായി  ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മേയ് 20നാണ്  91കാരനായ മില്‍ഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. പറക്കും സിഖ് എന്ന് വിശേഷിപ്പിക്കപ്പെട്ടുന്ന മില്‍ഖാ സിങ് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച അത്്ലീറ്റാണ്.  മൂന്ന് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മില്‍ഖാ 1960 റോം ഒളിംപിക്സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനം നേടി.

സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിനാണ് ഒളിംപിക്സ് വെങ്കലമെഡല്‍ നഷ്ടമായത്.  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡലുകളും നേടിയിട്ടുണ്ട്. 1958‍ ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അഞ്ചുദിവസം മുമ്പാണ് മില്‍ഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്നു നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരിച്ചത്.  മില്‍ഖാ സിങ്ങിന് നിര്യാണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു. ഇന്ത്യന്‍ കായികലോകത്തിന് ഭീമമായ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിടവാങ്ങലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന് ശേഷം ഇന്ത്യയുടെ കായികചരിത്രത്തിലെ തിളങ്ങുന്ന വിഗ്രഹമായിരുന്നു മില്‍ഖാ സിങ്. ആധുനിക പരിശീലന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഇന്ത്യയുടെ ത്രിവര്‍ണ പതാക രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിയ അത്്്ലറ്റ്. വിഭജനമേല്‍പ്പിച്ച മുറിപ്പാടുകള്‍ കഠിനാധ്വാനത്തിലൂടെ കഴുകിക്കളഞ്ഞാണ് പറക്കും സിഖ് പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയത്.

ഒരേനിമിഷത്തില്‍ വലിയനേട്ടവും കൊടിയനഷ്ടവും. മഹത്താള ഒളിംപിക് വേദിയില്‍ ഒരുഇന്ത്യന്‍ അത്്ലറ്റ് ഏറ്റവും ത്രസിപ്പിച്ച നിമിഷം. ഒരിന്ത്യക്കാരന്‍ ഒളിംപിക് റെക്കോഡ് ഭേദിച്ച നിമിഷം. പക്ഷേ അതേ മല്‍സരത്തില്‍ മില്‍ഖാക്കു മുന്നില്‍ മറ്റുമൂന്നുപേര്‍ കൂടി ഒളിംപിക് റെക്കോഡ് തകര്‍ത്തുവെന്ന് മാത്രം. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലെ ഒളിംപിക് മെഡല്‍ നഷ്ടം മില്‍ഖ മറക്കാനെ ആഗ്രഹിച്ചുള്ളൂ.

1960 റോമിലെ മല്‍സരത്തില്‍ മില്‍ഖയിലായിരുന്നു എല്ലാവരുടെയും കണ്ണ്.  കാരണം അതിന് തൊട്ടമുമ്പ് ഫ്രാന്‍സിലെ ലോകമീറ്റില്‍ മില്‍ഖയുടെ മിന്നുന്ന പ്രകടനം തന്നെ. ഹീറ്റ്സില്‍ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക്. ഗംഭീരന്‍ തുടക്കം. മില്‍ഖ പാഞ്ഞു. അല്ല പറന്നു. ഇരുനൂറ്റി അന്‍പത് മീറ്റര്‍വരെ ഒപ്പമില്ല ആരും. ഊര്‍ജം സംഭരിക്കാന്‍ അല്‍പമൊന്നു വേഗം കുറച്ചത് ഒാര്‍ക്കാനാഗ്രഹിക്കാത്ത തെറ്റ്. ആ ക്ഷണനേരത്തില്‍ അമേരിക്കയുടെ ഒട്ടിസ് ഡേവിസ്, ജര്‍മനിയുടെ കാള്‍ കാഫ്മന്‍, ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്പെന്‍സ് എന്നിവര്‍ മില്‍ഖയെ മറികടന്നു കുതിച്ചു. എങ്കിലും വിട്ടില്ല. ഫോട്ടോ ഫിനിഷില്‍ മില്‍ഖ നാലാമത്. അന്ന് മില്‍ഖ കുറിച്ച് 45.73 സെക്കന്‍ഡ് നാല്‍പ്പത്തുവര്‍ഷം ദേശീയ റെക്കോഡായി തുടര്‍ന്നു.

മിൽഖയുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരുന്നു 1960. അദ്ദേഹത്തിന്റെ ഫോം കൊടുമുടിയിലെത്തിയ സമയം. ഡൽഹി നാഷണൽസിൽ അഞ്ചുറെക്കോഡുകള്‍. തൊട്ടുപിന്നാലെയായിരുന്നു ലാഹോറിൽ അബ്ദുൾ ഖലീലുമായുളള പോരാട്ടവും വിജയവും. അന്ന് പാക്കിസ്ഥാന്‍ ഭരണാധികാരിയായ ജനറല്‍ അയൂബ് ഖാനാണ് പറക്കും സിഖ് എന്ന വിളിപ്പേരിട്ടത്.

ഇന്ത്യാവിഭജനം അനാഥമാക്കിയ ബാല്യമായിരുന്നു മില്‍ഖയുടേത്. 1929 നവംബര്‍ 20 ന് ബ്രിട്ടീഷ് ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യയില്‍ മുസഫര്‍ഗഢിലാണ് ജനനം. അച്ഛനമ്മമാരും സഹോദരങ്ങളം കലാപങ്ങളില്‍ കൊല്ലപ്പെട്ടു. പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ മില്‍ഖക്ക് അഭയമായത് സഹോദരി.  കരസേനയില്‍ ചേര്‍ന്നതോടെ മില്‍ഖയിലെ കായിക താരം ഉണര്‍ന്നു. ക്രോസ്കണ്ട്രി മല്‍സരങ്ങളില്‍ ജയിച്ച മില്‍ഖക്ക് സേനയില്‍ നിന്ന് നല്ല പ്രോല്‍സാഹനം കിട്ടി. അങ്ങനെ 1956 ലെ മെല്‍ബന്‍ ഒളിംപിക്സില്‍ 200മീറ്ററിലും, 400 മീറ്ററിലും മല്‍സരിച്ചു. 58 ല്‍ കട്ടക്ക് ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ ദേശീയ റെക്കോഡ്. തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡലുകള്‍ വാരിക്കൂട്ടി.

1956, 1960, 1964 ഒളിംപിക്സുകളിൽ പങ്കെടുത്തു. ഇന്ത്യയുടെ അഭിമാന വിഗ്രഹമായിട്ടും ബഹുമതികള്‍ പലതും വൈകി. അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിച്ചിട്ടില്ലാത്ത മിൽഖാസിങ്ങ് 2001ൽ തനിക്ക് ലഭിച്ച അർജുന പുരസ്കാരം നിരസിച്ചു.  അർജുന സ്ഥാപിച്ച 1961ൽ തന്നെ അത് തനിക്ക് നൽകേണ്ടിയിരുന്നെന്ന് പറഞ്ഞു. ഇരട്ട പത്മശ്രീ നേടിയ കായികകുടുംബമാണ് മിൽഖയുടേത്. 1958ൽ മിൽഖയ്ക്ക് പത്മശ്രീ ലഭിച്ചതെങ്കിൽ മകൻ ഗോള്‍ഫര്‍ കൂടിയായ ജീവ് 2007ൽ ആ ബഹുമതിക്കുടമയായി. 2001ൽ അർജുന പുരസ്കാരം മിൽഖ നിഷേധിച്ചെങ്കിലും മകൻ അത് നേരത്തെ വീട്ടിലെത്തിച്ചിരുന്നു 1999ൽ. 1996ൽ മലയാള മനോരമയുടെ അതിഥിയായി 1996ൽ കൊച്ചിയിലെത്തിയിട്ടുണ്ട്.

മിൽഖാ സിങ്ങിന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു 2013ൽ പുറത്തിറങ്ങിയ ഭാഗ് മിൽഖ ഭാഗ്. പ്രസൂൺ ജോഷിയുടെ തിരക്കഥയിൽ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണു ചിത്രം ഒരുക്കിയത്. ഫർഹാൻ അക്തറാണ് മിൽഖയുടെ വേഷം കൈകാര്യം ചെയ്തത്.  'ഭാഗ് മിൽഖാ ഭാഗ്' എന്ന സിനിമ കണ്ട അത്‌ലറ്റിക്‌സ് ഇതിഹാസം കാൾ ലൂയിസ്, മിൽഖയെ നേരിട്ട് വിളിച്ച് താങ്കളുടെ ജീവിതം ഒരത്ഭുതമാണെന്നു പറഞ്ഞു. മാത്രമല്ല, ആദരവിന്റെ പ്രതീകമായി ഒരു ബാറ്റൺ അയച്ചു നൽകുകയും ചെയ്തു.The Race of my Life ആണ് മിൽഖയുടെ ആത്മകഥ.

മില്‍ഖയ്ക്ക് എന്നും ഒരാഗ്രമുണ്ടായിരുന്നു. കത്തിരിക്കുകയായിരുന്നു അത് കാണാന്‍. ഒളിംപിക് അത്‌ലറ്റിക്‌സിൽ ഇന്ത്യൻ താരം സ്വർണം നേടുന്നത് കാണാന്‍.