ബഗ്ദാദ് :
ഇറാഖിൽ ശക്തമായ രീതിയിൽ ഉയർന്നുവന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് അപ്രതീക്ഷിത തിരിച്ചടി. പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ചിരുന്ന ഷിയാ പുരോഹിതൻ അൽ–സദർ പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണു പ്രക്ഷോഭത്തിന്റെ നിറം മങ്ങിയത്. തുടർന്ന് രാജ്യത്തിന്റെ തെക്കു ഭാഗത്ത് ശനിയാഴ്ച രാത്രി സുരക്ഷാസേന പ്രതിഷേധക്കാരുടെ കൂടാരങ്ങൾക്കു തീയിട്ടു. പ്രകടനക്കാർ കൈവശപ്പെടുത്തിയിരുന്ന ബഗ്ദാദിലെ പ്രധാന പൊതു ഇടങ്ങളെല്ലാം വീണ്ടും തുറന്നു. ശക്തമായ പിന്തുണ പിൻവലിക്കപ്പെട്ടതോടെ നാലു മാസമായി ഇറാഖിനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിന് തിരശീല വിഴാനാണ് സാധ്യത.
സർക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുക, വർധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, ഇറാഖ് രാഷ്ട്രീയത്തിൽ ഇറാനുള്ള അനാവശ്യ സ്വാധീനം അവസാനിപ്പിക്കുക, ഇറാഖിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇറാഖിലെ ജനങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമർത്താനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിൽ 500 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഷിയ പുരോഹിതനും രാഷ്ട്രീയ നേതാവും ഇറാഖ് സായുധസേന തലവനുമായ അൽ–സദറിന്റെ പിന്മാറ്റ തീരുമാനമാണ് നാലു മാസത്തെ പോരാട്ടത്തിന് തടയിടാനൊരുങ്ങുന്നത്. പ്രക്ഷോഭത്തിന് ആദ്യംതന്നെ പൂർണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും തന്റെ അനുയായികൾ അതിൽ പങ്കെടുക്കേണ്ടെന്നാണ് അദ്ദേഹം അന്നും നിർദേശിച്ചത്. ഇറാഖിലെ യുഎസ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയിട്ടുള്ള ആളാണ് സദർ. ഇറാനിൽനിന്ന് അകന്നുനിൽക്കുന്ന അപൂർവം ഷിയ നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം.
ബഗ്ദാദിനു സമീപം യുഎസ് സൈന്യത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഎസ് വിരുദ്ധ മുദ്രാവാക്യമുയർത്തി പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി രണ്ടു മണിക്കൂറിനുള്ളിലാണ് പ്രക്ഷോഭത്തിനുള്ള പിന്തുണ പിൻവലിച്ചുകൊണ്ടുള്ള അൽ–സദറിന്റെ ട്വീറ്റ്. പ്രാദേശിക സമയം രാത്രി രണ്ടിന് കലാപ പൊലീസ് ഇറാഖിന്റെ പ്രധാന നഗരമായ ബസ്റയിൽ പ്രകടനക്കാരുടെ ക്യാംപുകൾക്കു നേരെ വെടിയുതിർത്തിരുന്നു. അൽ സദറിന്റെ അനുയായികൾ ടെന്റുകൾ കെട്ടി മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്. പ്രതിഷേധക്കാരുടെ കേന്ദ്രമായ പ്രധാന ഇടങ്ങളെല്ലാം സുരക്ഷാ സേന ഏറ്റെടുത്ത് വാഹനഗതാഗതം പുനഃസ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ.
രക്തസാക്ഷികളുടെ ചോരയോടും അൽ സദറിന്റെ അനുയായികളുടെ ത്യാഗത്തിനോടും കാണിക്കുന്ന വഞ്ചനയാണ് അൽ സദറിന്റെ നിലപാടെന്നും പ്രതിഷേധക്കാർ ആഞ്ഞടിച്ചു.
അൽ സദറിന്റെ പിന്മാറ്റത്തോടെ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രങ്ങളായിരുന്ന ബഗ്ദാദിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം പുനഃസ്ഥാപിച്ചു. മുഹമ്മദ് അൽ–ഖാസിം ഹൈവോ, തയറാൻ സ്ക്വയർ, അൽ–നിദാൽ സ്ട്രീറ്റ് എന്നിവയെല്ലാം ഗതാഗതത്തിനു തുറന്നു കൊടുത്തു. പ്രതിഷേധക്കാരാൽ നിറഞ്ഞിരുന്ന അഹ്റർ പാലവും ജനങ്ങൾക്ക് തുറന്നു കൊടുത്തതായാണ് റിപ്പോർട്ട്. എന്നാൽ ജുമ്റിയ, സിനക് പാലങ്ങളിൽ പ്രതിഷേധക്കാർ ഇപ്പോഴും തടിച്ചുകൂടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി