• admin

  • January 3 , 2020

ടെഹ്റാന്‍ : ടെഹ്റാന്‍: തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. 'ഈ ക്രിമിനല്‍ നടപടിയുടെ പിന്നിലുള്ളവര്‍ക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാന്‍ ഉറപ്പ് പറയുന്നു.' ഖൊമേനി പറഞ്ഞു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നില്‍പ്പ് മുന്നേറ്റത്തിന്റെ പ്രതിച്ഛായയാണെന്നും അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഖൊമേനി പറഞ്ഞു. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഖൊമേനിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടേയും മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് ഖാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ഇറാഖ് സൈനികരും മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.