• admin

  • January 23 , 2020

കോഴിക്കോട് : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്നു തന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും മാവോയിസ്റ്റുകളാണോയെന്നു സിപിഎം പരിശോധിച്ചു വരികയാണെന്നും പി മോഹനന്‍ പറഞ്ഞു. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ്, അതു തള്ളിക്കൊണ്ട് പി മോഹനന്‍ രംഗത്തെത്തിയത്. യുഎപിഎയുടെ കാര്യത്തില്‍ സിപിഎം നേരത്തെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ല എന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. അതില്‍ മാറ്റമില്ല. യുഎപിഎ പുനപ്പരിശോധിക്കുന്ന ഘട്ടത്തില്‍ അതു പിന്‍വലിക്കുമെന്നു തന്നെയാണ് കരുതുന്നത്. നേരത്തെയും അങ്ങനെ ചെയ്തിട്ടുണ്ടല്ലോയെന്ന് പി മോഹനന്‍ പറഞ്ഞു. സര്‍ക്കാരിന് സര്‍ക്കാരിന്റേതായ വാദങ്ങളുണ്ടെന്ന്, ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പി മോഹനന്‍ പ്രതികരിച്ചു. സിപിഎം ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് പരിശോധന നീണ്ടുപോവുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാലാണ് അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനാവത്തതെന്ന് മോഹനന്‍ പറഞ്ഞു. അലനും താഹയും മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. അങ്ങനെ പെട്ടിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള നടപടിയെടുക്കും. ഇതുവരെ ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അലനും താഹയും നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു.