• admin

  • January 17 , 2020

കണ്ണൂര്‍ : കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ സിപിഎം നേതാവ് പി ജയരാജന്‍. അലനും താഹയും എസ്എഫ്ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാണെന്ന് പി ജയരാജന്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തത് വെറുതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത് അവര്‍ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെ മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി നേരത്തെ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ്. അവര്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണെന്ന ധാരണ വേണ്ട. എസ്എഫ്ഐക്കകത്തും അവര്‍ ഫ്രാക്ഷന്‍ വര്‍ക്ക് നടത്തിയിട്ടുണ്ട്. അത് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്'- പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ച തങ്ങള്‍ മാവോയിസ്റ്റുകളാണെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കല്‍ എന്തു തെളിവാണുള്ളതെന്ന് അലനും താഹയും ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകരായ അലനും താഹയുമാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്താന്‍ പാകത്തില്‍ എന്ത് തെളിവാണ് ഈ ചെറുപ്പക്കാര്‍ക്ക് എതിരെ ഉള്ളത്. തെളിവ് ഉണ്ടെന്ന് പറയുന്നതല്ലാതെ അത് പുറത്ത് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ല. അത് പൊതു സമൂഹത്തോട് മുഖ്യമന്ത്രി വിശദീകരിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.