• admin

  • March 3 , 2020

ന്യൂഡല്‍ഹി :

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.  നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ എല്‍ ആന്‍ഡ് ടിയ്ക്കാണ് നിര്‍മാണ ചുമതല.  രാമക്ഷേത്ര നിര്‍മാണത്തില്‍ താത്പര്യം അറിയിച്ച് എല്‍ ആന്‍ഡ് ടി വിഎച്ച്പിയെ സമീപിച്ചതായി സംഘടനയുടെ വൈസ് പ്രസിഡന്റ് ചംപത് റായ് പറയുന്നു.

10 വര്‍ഷം മുമ്പ് അശോക് സിംഗാള്‍ വിഎച്ച്പി പ്രസിഡന്റായിരുന്ന സമയത്ത് നിര്‍ദ്ദിഷ്ട മാതൃകയില്‍ ക്ഷേത്രനിര്‍മാണം നടത്താന്‍ എല്‍ ആന്‍ഡ് ടി താത്പര്യം അറിയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ അവര്‍ അക്കാര്യം വീണ്ടും മുന്നോട്ടുവെച്ചതായും ചംപത് റായ് വിശദീകരിക്കുന്നു. ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും എല്‍ ആന്‍ഡ് ടി കമ്പനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിന് മുമ്പ് സ്ഥലത്തിന്റ മണ്ണ് പരിശോധന നടത്തും. നിര്‍മിതിയുടെ ബലം എത്രത്തോളം വേണമെന്ന് കണക്കാക്കുന്നതിന് വേണ്ടി റൂര്‍ക്കി ഐഐടിയിലായിരിക്കും മണ്ണ് പരിശോധന നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

വരുന്ന ഏപ്രില്‍ മാസം അനുയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും ഇപ്പോള്‍ രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേക്ക് മാറ്റുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറയുന്നു. 

ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അതില്‍ സ്ഥാപിക്കാനുള്ള കല്ലുകളുടെ കൊത്തുപണികള്‍ തുടരുമെന്നും ചംപത് റായ് വ്യക്തമാക്കി.