• admin

  • February 22 , 2020

ആലപ്പുഴ : അമ്പലപ്പുഴയില്‍ നവീകരിച്ച സപ്ലൈക്കോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ 4 വര്‍ഷക്കാലം കൊണ്ട് ഭക്ഷ്യപൊതുവിതരണ മേഖലയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി കമ്പോളത്തെ നിയന്ത്രിക്കാനും വിലക്കയറ്റത്തിന് അറുതി വരുത്താനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുവാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍ എന്നിവ വഴി പൊതുവിതരണ മേഖലയെ കൂടുതല്‍ ജനകീയമാക്കി മാറ്റുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അരിയടക്കമുള്ളവ ഭീമമായ നഷ്ടം സഹിച്ചുകൊണ്ടായാലും വിലക്കയറ്റം ഉണ്ടാവാതെ വിതരണം നടത്താന്‍ സപ്ലൈക്കോക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ഇടപെടലുകളിലൂടെ ഭക്ഷ്യപൊതുവിതരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യപൊതുവിതരണ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് ചടങ്ങിലെ മുഖ്യപ്രഭാഷകനായ എ.എം ആരിഫ് എം പി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.