• admin

  • April 29 , 2022

പനമരം : അന്തരിച്ച മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് കൈത്താങ്ങായി കേരള പത്രപ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നൽകുന്ന ടൈലറിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നാലുവർഷം മുമ്പ് അന്തരിച്ച പനമരം പ്രസ്ഫോറം മുൻസെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന കൈതക്കൽ കൂടകടവത്ത് കെ.കെ.അബ്ദുള്ളയുടെ കുടുംബത്തിനാണ് പത്രപ്രവർത്തക അസോസിയേഷൻ തൊഴിൽ സംരംഭം ഒരുക്കുന്നതിന്റെ ഭാഗമായി ടൈലറിംഗ് യൂണിറ്റ് സജ്ജമാക്കി നൽകുന്നത്.   മാധ്യമ പ്രവർത്തകനായിരുന്ന അബ്ദുള്ളയുടെ ആകസ്മിക വിയോഗം മൂലം പ്രയാസത്തിലായ കുടുംബത്തിനുള്ള കൈതാങ്ങ് എന്ന നിലയിലാണ് ടൈലറിംഗ് യൂണിറ്റ് ഒരുക്കുന്നത്. പനമരം കൈതക്കലിലുള്ള അദ്ദേഹത്തിൻ്റെ വീട്ടീൽ വെച്ചാണ് കൈമാറ്റ ചടങ്ങ്. തുടർന്ന് നടക്കുന്ന പരിപാടിയിൽ അസോസിയേഷൻ അംഗങ്ങൾക്കുള്ള ഐഡിൻ്റിറ്റി കാർഡ് വിതരണോദ്ഘാടനവും, ജില്ലാതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും. ചടങ്ങിൽ വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.   പത്രസമ്മേളനത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അരുൺ വിൻസെന്റ്, വൈസ് പ്രസിഡന്റ് റസാഖ് സി. പച്ചിലക്കാട്, ട്രഷറർ കെ.വി സാദിഖ്, സംസ്ഥാന കമ്മിറ്റിയംഗം ജസ്റ്റിൻ ചെഞ്ചട്ടയിൽ എന്നിവർ സംസാരിച്ചു.