• admin

  • August 6 , 2022

പടിഞ്ഞാത്തറ : അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസംഘം ബാണാസുരസാഗര്‍ അണക്കെട്ടിലെ നിലവിലെ സാഹചര്യം നേരിട്ട് മനസിലാക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിലുള്ള നീരൊഴുക്ക് അതേപടി തുടരുന്നാല്‍ അര്‍ധരാത്രിയോട് കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാലും, ഒന്നര മീറ്ററിലധികം ജലം സംഭരിക്കാനുള്ള ശേഷി റിസര്‍വോയറിനുണ്ട്. രാത്രികാലങ്ങളില്‍ ഒരു കാരണവശാലും ഷട്ടര്‍ തുറക്കരുതെന്നും, മുന്‍കൂട്ടി അറിയിപ്പ് നല്‍കി എല്ലാവിധ സൂക്ഷ്മ പരിശോധനകള്‍ക്കും വിധേയമാക്കി മാത്രമെ ആവശ്യമെങ്കില്‍ ഷട്ടര്‍ തുറക്കാവൂ എന്നും നിര്‍ദേശം നല്‍കിയതായും എം എല്‍ എ വ്യക്തമാക്കി. നിലവിലെ ഓറഞ്ച് അലര്‍ട്ട് റെഡ് അലര്‍ട്ടായി മാറുമ്പോള്‍ നദികളിലെയും തോടുകളിലെയും വെള്ളത്തിന്റെ അളവ് ഉള്‍പ്പെടെ മുഴുവന്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ ഒഴുക്ക് തുടര്‍ന്നാല്‍ അപ്പര്‍ റൂള്‍ ലെവല്‍ 774ലെത്തും. എന്നാല്‍ 775.60 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കബനിനദിയുടെയും മറ്റ് തോടുകളുടെയും വെള്ളത്തിന്റെ അളവ് യഥാസമയം നീരിക്ഷീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബീച്ചനഹള്ളി ഡാമുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ഏകോപനം നിലവില്‍ നടന്നുവരുന്നുമുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നല്ലാതെ കടുത്ത ആശങ്കയുടെ സാഹചര്യം നിലവിലില്ലെന്നും എം എല്‍ എ പറഞ്ഞു. പടഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ ഈന്തന്‍, അനീഷ് കെ കെ, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബുരാജ്, എ എക്‌സ് ഐ രാമചന്ദ്രന്‍, ജോണി നന്നാട്ട്, പി കെ വര്‍ഗീസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.