• admin

  • September 23 , 2022

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമികയ്യേറ്റത്തിനും ഭൂമാഫിയകള്‍ക്ക് നല്‍കുന്ന പോലീസ് സംരക്ഷണത്തിനുമെതിരെ പ്രക്ഷോഭമാരംഭിക്കും. ഒക്ടോബര്‍ 7 ന് ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും. കെ.കെ. രമ എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും. അട്ടപ്പാടിയില്‍ ആദിവാസി ഭൂമികയ്യേറ്റം വ്യാപകമാകുകയും, കയ്യേറ്റക്കാര്‍ക്ക് തുറന്ന പോലീസ് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആദിവാസി ദലിത് സംഘടനകള്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 2022 ഒക്ടോബര്‍ 7 ന് പാലക്കാട് ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കും. അട്ടപ്പാടിയില്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങളോടൊപ്പം ആദിവാസി ദലിത് പൗരാവകാശ പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുക്കും. 1990 കളില്‍ അട്ടപ്പാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ആദിവാസി ഭൂമി കയ്യേറ്റങ്ങളില്‍ കയ്യേറ്റക്കാര്‍ കണ്‍മുന്‍പില്‍ ഉണ്ടായിരുന്നവരാണ്; 1950-60 ദശകങ്ങളില്‍ മധ്യതിരുവിതാംകൂറില്‍ നിന്നും സംഘടിതമായി കുടിയേറിയവരായിരുന്നു കയ്യേറ്റക്കാര്‍. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റം വന്‍കിട ഭൂമാഫിയകള്‍ നടത്തുന്ന കയ്യേറ്റമാണ്. കയ്യേറ്റക്കാര്‍ മറഞ്ഞിരിക്കുന്നവരും, നിഗൂഢമായി തയ്യാറാക്കിയ വ്യാജരേഖകളും റവന്യൂ രേഖകളും ഉണ്ടാക്കി രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരുമാണ്. രാഷ്ട്രീയ സംവിധാനത്തിന്‍റെ പിന്‍ബലത്തില്‍ കോടതിയെയും പോലീസിനെയും ഉപയോഗിച്ചുള്ള കയ്യേറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമമനുസരിച്ച് കുറ്റകൃത്യമാണെങ്കിലും, കുറ്റം ചെയ്യുന്ന ഭൂമാഫിയകള്‍ക്ക് പല കേസുകളിലും പോലീസ് സംവിധാനം തുറന്ന പിന്തുണയും സംരക്ഷണവും നല്‍കി വരുന്നതായും കാണുന്നു. തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാധിരാജാ ട്രസ്റ്റിന്‍റെ പരാതിയില്‍ അട്ടപ്പാടി വട്ടുലക്കി ഊര് മൂപ്പനായ സൊറിയന്‍ മൂപ്പനേയും അദ്ദേഹത്തിന്‍റെ മകന്‍ വി.എസ്. മുരുകനേയും അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തതും, തിരുവോണനാളില്‍ പോലും ചീരക്കടവിലെ ഗാത്തി മൂപ്പന്‍റെ അനന്തരാവകാശികളായ ആദിവാസികളെ പോലീസ് വേട്ടയാടിയതും മേല്‍പറഞ്ഞതിന്‍റെ ദൃഷ്ടാന്തമാണ്. കയ്യേറ്റത്തിന് ഭരണ സംവിധാനത്തിന്‍റെ ശക്തമായ പിന്തുണ ഉണ്ട് എന്നത് വ്യക്തമാണ്. 1960 കളിലെ സെന്‍റില്‍മെന്‍റ് രജിസ്റ്ററുകളില്‍ ആദിവാസികളുടെ ഉടമസ്ഥത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭൂമി കൈവശം വെയ്ക്കുന്ന ആദിവാസികള്‍ അറിയാതെ റവന്യു രേഖകളും ആധാരങ്ങളുമുണ്ടാക്കി പൊടുന്നനെ രംഗത്തു വരുന്ന ഭൂമാഫിയകള്‍ നിരവധിയാണ്. വട്ടുലക്കി ഊരിലെ സൊറിയന്‍ മൂപ്പനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച സംഭവവുമായി ബന്ധപ്പെട്ട ഭൂമി; ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയുടെ ഭൂമി; ഭൂതിവഴിയിലെ കാളിക്കാടന്‍ മൂപ്പന്‍റെ 10 ഏക്കര്‍ ഭൂമി; കമ്പളക്കാട് പുതൂരില്‍ കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയ 10 ഏക്കര്‍ ഭൂമി; ചീരക്കടവിലെ ഗാത്ത മൂപ്പന്‍റെ ഭൂമിയില്‍ സര്‍വ്വേ നമ്പറില്‍ തിരിമറി നടത്തി കൈയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി; മരപ്പാലം ഊരിലെ നഞ്ചി - കുമാരന്‍ - വെള്ളിങ്കരി എന്നിവരുടെ ഭൂമി; അഗളി മേലെ ഊരിലെ മല്ലീശ്വരിയുടെ ഭൂമി; ചാളയൂരിലെ മല്ലന്‍റെ 8 ഏക്കര്‍ ഭൂമി; ഭൂതിവഴി ഊരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയ ഭൂമി തുടങ്ങി നിരവധി കേസുകളില്‍ ഭൂമാഫിയകളുടെ പുത്തന്‍ ഇടപെടല്‍ വ്യക്തമാണ്. അഹാഡ്സിനുവേണ്ടി നടത്തിയ സര്‍വ്വേ രേഖകള്‍ ഉപയോഗിച്ച് കാറ്റാടി കമ്പനികളുടെ പേരില്‍ നടത്തിയ കയ്യേറ്റം കൂടാതെ വിവിധ റിസോര്‍ട്ട് ഏജന്‍സികളും എൻ.ജി.ഒ.കളും, സ്വകാര്യകമ്പനികളും നടത്തുന്ന കയ്യേറ്റവും വിപുലമാണ്. കേരളത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍ ഒരു ബിനാമി കമ്പനി അട്ടപ്പാടി ഗിരിജന്‍ കോ .ഓപ്പറേറ്റീവ് സൊസൈറ്റി ഭൂമി കൈക്കലാക്കിയ സംഭവം കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായിരുന്നു. എച്ച്.ആർ.ഡി.എസ്. എന്ന എൻ.ജി.ഒ. വ്യാപകമായി ഭൂമി പാട്ടത്തിന് കൈവശപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ടത് ഏറെ വൈകിയാണ്. കിഴക്കന്‍ അട്ടപ്പാടിയില്‍ ഭൂമാഫിയകളാണ് ഭൂമി തട്ടിയെടുക്കുന്നതെങ്കില്‍, പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ വനാവകാശ നിയമം ദുര്‍ബലപ്പെടുത്തി ആദിവാസി ഭൂമി കൈവശപ്പെടുത്തുന്നത് വനം വകുപ്പാണ്. ഗ്രാമസഭകള്‍ അംഗീകരിച്ച വനാവകാശ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച കേസുകള്‍ നിരവധിയാണ്. 1960 കളില്‍ സെന്‍റില്‍മെന്‍റ് രജിസ്റ്ററില്‍ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും ഒരു ഉന്നത ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കൈയ്യേറ്റ കേസുകളില്‍ പോലീസിന്‍റെ ആദിവാസി വിരുദ്ധമായ ഇടപെടല്‍ അവസാനിപ്പിക്കുക, വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും തടഞ്ഞു വച്ച വനംവകുപ്പിന്‍റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുക. എം. ഗീതാനന്ദന (സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റർ ആദിവാസി ഗോത്ര മഹാസഭ), കെ മായാണ്ടി (SC/ST സംരക്ഷണ മുന്നണി ), കെ വാസുദേവൻ, (SJPS) സി ജെ തങ്കച്ചൻ, (ആദി ജന സഭ ), സൊറിയന്‍ മൂപ്പന (വട്ടുലക്കി ഊര് ), മല്ലന (ചോളയൂര് ), വെള്ളി (പൊട്ടിക്കല്‍ ഊര് ) എന്നിവരുടെ നേതൃത്വത്തിലാണ് സമരം .