വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും: പ്രിയങ്ക ഗാന്ധി

കരുളായി (നിലമ്പൂർ) : ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് കരുളായിയിൽ ഉജ്വല സ്വീകരണം. രാഹുൽ ഗാന്ധിയോടൊപ്പമുള്ള മുക്കത്തെ വിജയാരവം പരിപാടി കഴിഞ്ഞ് 3.20 ഓടെയാണ് പ്രിയങ്ക ഗാന്ധി മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ നിലമ്പൂർ നിയോജക മണ്ഡലത്തിലെ കരുളായിയിൽ എത്തിയത്. വഴിയിലുടനീളം നിരവധി ജനങ്ങളാണ് തങ്ങളുടെ എം.പിയെ കാണാനും അഭിവാദ്യം ചെയ്യാനുമായി കാത്ത് നിന്നത്. ചിലയിടങ്ങളിൽ വാഹനം നിർത്തി അവരോട് കുശലാന്വേഷണങ്ങൾ നടത്തിയും നന്ദി പറഞ്ഞും അവരെ അഭിവാദ്യം ചെയ്തും ജനങ്ങളോടുള്ള കടപ്പാട് പ്രിയങ്ക ഗാന്ധി പ്രകടിപ്പിച്ചു. വയനാട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ കഠിനാധ്വാനം ചെയ്യാൻ പോവുകയാണ്. ജനങ്ങൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങളെ കുറിച്ച് കുറെ താൻ മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിൽ മനസിലാക്കണം. നമ്മൾ നടത്തുന്ന പോരാട്ടം രണ്ട് തലങ്ങളിലാണ്. ആദ്യത്തെ പോരാട്ടം ജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്. ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ, സേവന സംവിധാനങ്ങളും അടക്കമുള്ളവ മെച്ചപ്പെടുത്താൻ വേണ്ടിയാണ്. റോഡുകളുടെ വികസനം, വിനോദ സഞ്ചാര മേഖലയുടെ പുരോഗതി, രാത്രി യാത്ര നിരോധനം, മനുഷ്യ- വന്യജീവി സംഘർഷം തുടങ്ങി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതൊക്കെ ചെയ്യുക എന്നത് തൻ്റെ ദൗത്യമാണ്. താനിപ്പോൾ ഇന്ത്യൻ പാർലമെൻ്റിൽ നിങ്ങളെ ഓരോരുത്തരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ രാജ്യം മുഴുവൻ ഇന്ത്യൻ ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ്. ഈ രാജ്യത്തിൻ്റെ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി പോരാടുകയാണ്. അതാണ് രണ്ടാമത്തെ പോരാട്ടം. ഭരണഘടന മൂല്യങ്ങളെ ബഹുമാനിക്കാത്ത ബി.ജെ.പിക്കെതിരെയാണ് നമ്മൾ പോരാടുന്നത്. രാജ്യത്തെ സ്വത്തുക്കൾ ചുരുക്കം ചില സമ്പന്നർക്ക് വേണ്ടി എഴുതിക്കൊടുക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരമില്ലാത്തതുകൊണ്ട് പാർലമെൻ്റ് തടസപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൻ.എ കരീം, പഞ്ചായത്ത് ചെയർമാൻ സുരേഷ് കരുളായി, കെ.പി ജൽസീമിയ, അബ്ദുൽ നാസർ കക്കോടൻ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *