കൽപ്പറ്റ : ജില്ലയിൽ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (15.03.2025) മാത്രം പിടികിട്ടാപുള്ളികളായ (എൽ.പി വാറണ്ട് ) 23 പേരെയും വാറണ്ട് കേസിൽ പ്രതികളായ 77 പേരെയും പിടികൂടി. കൂടാതെ 29 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും 42 പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ് ആക്ട് ) പ്രകാരവും 65 പേർക്കെതിരെ അബ്കാരി ആക്ട് പ്രകാരവും, മദ്യലഹരിയിൽ വാഹനമോടിച്ച 45 പേർക്കെതിരെയും കേസെടുത്തു. ജില്ലയിൽ ഇന്നലെ (15.03.2025) മാത്രം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ആകെ 212 സുമോട്ടോ കേസുകളാണ് രെജിസ്റ്റർ ചെയ്തത്. പോലീസ് കെ-9 സ്ക്വാഡും (ഡോഗ് സ്ക്വാഡ് )ഡ്രോൺ വിഭാഗവും സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകളും നടപടികളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.