ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

സുൽത്താൻ ബത്തേരി : ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ – ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്ടവും കാണണമെനുള്ള ആഗ്രഹവും പറയുന്നത്. ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. മടങ്ങുമ്പോൾ കാണാമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും, പിന്നീട് അപ്പോൾ തന്നെ കാണാമെന്ന് പറഞ്ഞു 200 മീറ്ററോളം അകലെയുള്ള ത്രേസ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ത്രേസ്യ പ്രിയങ്കയെ കണ്ട് അമ്പരന്നു. പിന്നീട് വാരിപ്പുണർന്ന് സ്നേഹം പങ്കുവെച്ചു. പതിനഞ്ച് മിനിറ്റോളം വീട്ടിൽ ചിലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. ഇതിനിടയിൽ വീട്ടിലെ എല്ലാരോടും പരിചയപ്പെടാനും കുശലാന്വേഷണം നടത്താനും പ്രിയങ്ക മറന്നില്ല. അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയങ്കക്ക് മധുരം നൽകിയാണ് ത്രേസ്യ യാത്രയാക്കിയത്. വായനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായ പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനാണ് ചൊവ്വാഴ്ച സോണിയാ ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *