28 ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

28 ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

കൽപ്പറ്റ : മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു.ഗ്രാമപഞ്ചായത്തും 
ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് 10000 രൂപ വീതം കൈമാറിയത്.ധനസഹായത്തിന് പുറമെ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമായ ഡയലൈസര്‍,ട്യൂബ്,ഇഞ്ചക്ഷനുകള്‍ എന്നിവയും നല്‍കുന്നുണ്ട്.2024 ല്‍ 34 രോഗികള്‍ക്കാണ് ധനസഹായം നല്‍കിയത്.

ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മേഖലയില്‍ വകയിരുത്തുന്ന ഫണ്ട് കൂടാതെ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് പാലിയേറ്റീവ് ഹോംകെയര്‍ കമ്മിറ്റി രൂപീകരിച്ച് 360 വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും ഡയാലിസിസ് രോഗികള്‍ക്കാണ് 10000 രൂപ വീതം നല്‍കിയത്. മാസത്തില്‍ 20 ദിവസമുള്ള ഹോംകെയര്‍ സംവിധാനത്തിന് പുറമെ പാലിയേറ്റീവ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 298 പേര്‍ക്ക് ആവശ്യമായ മരുന്ന്, മറ്റു സേവനങ്ങള്‍ എന്നിവയും നല്‍കി വരുന്നു.പരിപാടിയോടനുബന്ധിച്ച് കോട്ടക്കല്‍ മിംസ് ആശുപത്രി നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ. സജീഷ് ശിവദാസന്‍ വൃക്കരോഗ ബോധവത്കരണ ക്ലാസ് നടത്തി.ട്രാന്‍സ്പ്ലാന്റ് മാനേജര്‍ ഡയാന ടാറ്റൂസ് വൃക്ക മാറ്റി വെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു
  
വടുവൻചാൽ സെന്റ് തോമസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം സീത വിജയൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ആരോഗ്യ-പാലിയേറ്റീവ് പ്രവര്‍ത്തകര്‍,മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം സൂപ്പി കല്ലങ്കോടൻ
എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *