ചെന്നലോട് : ജനപ്രതിനിധിയായി അഞ്ചു വർഷം പൂർത്തീകരിക്കുന്ന സമയത്ത് ഈ കാലയളവിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായസഹകരണങ്ങളും പിന്തുണയുമായി കൂടെ നിന്ന വാർഡിലെ ജനങ്ങളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു.തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് (ചെന്നലോട്) വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിൽ ‘ഹൃദ്യം ചെന്നലോട്’ എന്ന പേരിൽ സ്നേഹ സംഗമം നടത്തി ആദരിച്ചത്.വയനാട് ജില്ലയ്ക്ക് നീതി ആയോഗിന്റെ പുരസ്കാരം ലഭിക്കുന്നതിന് കാരണമായ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായി ഒരു വാർഡിൽ പൂർണമായി നടപ്പിലാക്കിയത് ചെന്നലോട് വാർഡിൽ ആയിരുന്നു.ഇത് അടക്കമുള്ള ഒട്ടേറെ വ്യത്യസ്തവും ജനോപകാരപ്രദവുമായ പദ്ധതികൾ വാർഡിൽ നടപ്പിലാക്കുന്നതിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം വയസ്സഴക് വയോജന സംഗമം,സമ്പൂർണ്ണ വൈഫൈ ഗ്രാമം, അഴകേറും ചെന്നലോട് ശുചിത്വ ഗ്രാമം,എന്റെ വാർഡ് നൂറിൽ നൂറ് ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ,മാമ്പഴക്കാലം,യൂത്ത് സ്വാഭിമാൻ, സംരംഭകത്വ പരിപാടികൾ തുടങ്ങി നിരവധി വ്യത്യസ്തമായ പരിപാടികൾ വാർഡിൽ നടത്തിയിരുന്നു.വാർഡ് വികസന സമിതി,അഗ്രോ ക്ലിനിക്,കുടുംബശ്രീ എഡിഎസ്,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അംഗൻവാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾ,ആശാവർക്കർ,ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ,ബാലസഭ,മത സ്ഥാപനങ്ങൾ,ആർ ആർ ടി അംഗങ്ങൾ,ട്രൈബൽ പ്രമോട്ടർമാർ, ആനിമേറ്റർ,വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ,മികച്ച കർഷകർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ,കൂടുതൽ തൊഴിലെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി എല്ലാം മേഖലയിലുള്ള ആളുകളെയും ചടങ്ങിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു.വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്,ദേവസ്യ മുത്തോലിക്കൽ,എ കെ മുബഷിർ,സി ദിലീപ്, ജോസ് മുട്ടപ്പള്ളി,ചന്ദ്രൻ മന്ദംകാപ്പിൽ, മമ്മൂട്ടി പുത്തൂർ,സാഹിറ അഷ്റഫ്,ഷീന ഗോപാലൻ, പ്രക്‌സി തോമസ്,എം ശിവാനന്ദൻ, ഷൈനി കൂവക്കൽ,ജയ് ശ്രീകുമാർ,ആലീസ് മാത്യു, മേരിക്കുട്ടി എം എ,അഷ്റഫ്,ഉണ്ണി മടത്തുവയൽ തുടങ്ങിയവർ സംസാരിച്ചു.
