തിരുവനന്തപുരം : ഓട്ടോ ഡ്രൈവറുടെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച വേണുവിന്റെ ഭാര്യ സിന്ധു. ഹൃദയാഘാതം വന്നയാളെ നിലത്ത് തുണിവിരിച്ചാണ് കിടത്തിയത്.വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് ഭർത്താവ് പല തവണ കേണപേക്ഷിച്ചിട്ടും മരുന്ന് നൽകിയില്ലെന്നും യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.ഭർത്താവിന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെറിയൊരു നെഞ്ച് വേദന വന്നു.ഗ്യാസിന്റെ ബുദ്ധിമുട്ടാണെന്ന് കരുതി.പിറ്റേന്ന് രാവിലെ തൊണ്ട വേദയുണ്ടായിരുന്നു.അങ്ങനെ ഞങ്ങൾ താലൂക്ക് ആശുപത്രിയിൽ പോയി.പരിശോധനകളെല്ലാം നടത്തി.അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഭർത്താവിന് നേരത്തെ സ്ട്രോക്ക് വന്നതാണ്.അക്കാര്യം പറഞ്ഞപ്പോൾ സിടി സ്കാൻ എടുക്കാൻ പറഞ്ഞു.ഇസിജിയിൽ വാരിയേഷൻ ഉണ്ടായിരുന്നു.പരിശോധനയിൽ അറ്റാക്ക് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.അവിടെ എമർജൻസി ആൻജിയോഗ്രാം ഇല്ല.എത്രയും പെട്ടെന്ന് വേറെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞു.108 ആംബുലൻസ് വിളിച്ചപ്പോൾ കിട്ടിയില്ല.കുറച്ച് സമയം പോലും കാത്തുനിൽക്കരുതെന്ന് പറഞ്ഞതുകൊണ്ട് കാശ് കൊടുത്ത് ആംബുലൻസ് ഏർപ്പാടാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു.
അസുഖ വിവരമെല്ലാം എഴുതിയ ശേഷം ഞങ്ങളെ വാർഡ് 28ലേക്ക് മാറ്റി.ബെഡ് കിട്ടിയില്ല.തുണിവിരിച്ച് നിലത്ത് കിടന്നു.രാത്രി എട്ടരയ്ക്ക് അഡമിറ്റായതാണ്. മരുന്നൊന്നും കൊടുത്തില്ല.പോയി ഡോക്ടറോട് പറഞ്ഞു.പുലർച്ചെ രണ്ട് മണിക്കാണ് മരുന്ന് തന്നത്.
രക്തം കട്ടപിടിക്കാതിരിക്കാനോ മറ്റോ ഉള്ള ഗുളികയാണ് കൊടുത്തത്.രാവിലെ ഡ്യൂട്ടി ഡോക്ടർ വന്ന് ഇതേ ഗുളിക തന്നു.പിറ്റേന്ന് കാർഡിയോയിൽ രണ്ടാമത്തെ ടോക്കൺ കിട്ടി.വീൽച്ചെയറിൽ കാർഡിയോയുടെ ഓപിയിൽ കാണിച്ചു.ഇരിക്കാനൊന്നും അദ്ദേഹത്തിന് വയ്യായിരുന്നു.ഡോക്ടർ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം എടുക്കാമെന്ന് അവർ പറയുന്നത് കേട്ടു.പിന്നെ വാർഡ് 28ൽ നിന്ന് രണ്ടിലേക്ക് മാറ്റി.അദ്ദേഹത്തിന് തലവേദനയുണ്ടായി. നഴ്സിനോട് പറഞ്ഞപ്പോൾ ഇപ്പോൾ വന്നതല്ലേയുള്ളൂ, ഡോക്ടർ വരാതെ മരുന്ന് തരാനാകില്ലെന്ന് പറഞ്ഞു. ഞാനൊരു പാരസെറ്റമോൾ കൊടുത്തു. കുറച്ചുകഴിഞ്ഞ് കൈ പെരുക്കുന്നെന്നൊക്കെ പറഞ്ഞു.നഴ്സിന്റെയടുത്ത് ഓടിപ്പോയി കാര്യം പറഞ്ഞപ്പോൾ ഡോക്ടറെ വിളിച്ചു.മരുന്നു തന്നു. വിഷമിക്കേണ്ട ബുധനാഴ്ച ആൻജിയോഗ്രാം ചെയ്യാമെന്നും പറഞ്ഞു.
അപ്പോഴും വേദനയുണ്ടായിരുന്നു.അറ്റാക്ക് വന്നതല്ലേ അതുകൊണ്ടാണെന്ന് പറഞ്ഞു.ചൊവ്വാഴ്ച പിറ്റേന്നത്തെ ആൻജിയോഗ്രാമിന്റെ ലിസ്റ്റ് വായിച്ചപ്പോൾ ഭർത്താവിന്റെ പേരില്ല. സിസ്റ്ററോട് ചോദിച്ചപ്പോൾ മോശമായിട്ടാണ് സംസാരിച്ചത്. ഒട്ടും ഉത്തരവാദിത്തമില്ലാത്ത ആശുപത്രിയാണെന്നാണ് എനിക്ക് തോന്നുന്നത്.ഡോക്ടറോട് ഇക്കാര്യം ചോദിച്ചപ്പോൾ നേരത്തെ ബുക്ക് ചെയ്ത് രോഗികളില്ലെങ്കിൽ നാളെ ആൻജിയോഗ്രാം എടുക്കാമെന്ന് കരുതിയതാണ്,പക്ഷേ എല്ലാവരും വന്നെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.ചൊവ്വാഴ്ച പുള്ളിക്ക് ഭയങ്കര തലവേദനയായിരുന്നു.നഴ്സിനോട് പറഞ്ഞിട്ടും മരുന്നൊന്നും തന്നില്ല.
ബുധനാഴ്ച ശ്വാസം മുട്ടലുണ്ടായി.എക്കോ എടുത്തപ്പോൾ മൈൽഡ് എന്നാണ് പറഞ്ഞത്. പുള്ളിക്കാരന് തീരെ വയ്യ.ഐസിയുവിലേക്ക് മാറ്റി ഒബ്സർവേഷനിലാക്കാമെന്ന് പറഞ്ഞു.ഇത്തിരി നേരം ഓക്സിജൻ മാസ്ക് വച്ചാൽ മതി എന്നിട്ട് മാറ്റാമെന്ന് പറഞ്ഞു.പത്ത് മിനിട്ടുപോലും ആയില്ല. ഐസിയുവിൽ നിന്ന് നഴ്സ് പുറത്തുവന്ന് ആണുങ്ങളോട് വരാൻ പറ,കുറച്ച് സീരിയസാണെന്ന് പറഞ്ഞു.കാണിക്കാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.എനിക്ക് തോന്നുന്നു അന്നേരമേ ഇവർ ആ മനുഷ്യനെ കൊന്നെന്ന്.തൊഴുത് പറഞ്ഞിട്ടുപോലും കയറ്റിയില്ല.അവസാനം പൊതിഞ്ഞ് മോർച്ചറിയിൽ നിന്നാണ് എനിക്ക് കിട്ടിയത്.
സിന്ധു പറഞ്ഞു.
